ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുമ്പായി ഹിമാലയ യാത്ര നടത്തുന്ന ശീലമുണ്ട് നടന്‍ രജനീകാന്തിന്. ഇന്ന് അദ്ദേഹം ഹിമാലയത്തിലേക്ക് തിരിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ ട്വിറ്റര്‍ വഴി അറിയിച്ചു. പെട്ടെന്നു തന്നെ ചെന്നൈയില്‍ മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

അടുത്തിടെയാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അതിനു പുറകെയാണ് ഹിമാലയം യാത്ര. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് രജനിയുടെ യാത്രയെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇന്നു ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം ഷിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നു നിര്‍മിക്കുന്ന ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ഹിമാലയസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷം അദ്ദേഹം സുപ്രധാന രാഷ്ട്രീയപ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31-ന് ചെന്നൈയില്‍ ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയപ്രവേശനം രജനി പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ