വില്ലനായും ഹാസ്യതാരമായും മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടന്‍ രാജന്‍ പി.ദേവ് അന്തരിച്ചിട്ട് പത്ത് വര്‍ഷം. 2009 ജൂണ്‍ 29 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് രാജന്‍ പി.ദേവ് വിടവാങ്ങിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഓര്‍മയായിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും രാജന്‍ പി.ദേവ് എന്ന നടനെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. വില്ലന്‍ വേഷങ്ങള്‍ എന്നാല്‍ അത് സിനിമ കാണുന്നവനെ ഭയപ്പെടുത്താനും വെറുപ്പിക്കാനും മാത്രമല്ല എന്ന് മലയാള സിനിമയെ പഠിപ്പിച്ച അതുല്യനായ നടനായിരുന്നു രാജന്‍ പി.ദേവ്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോഴും നര്‍മം കലര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. മോഹന്‍ലാല്‍ ചിത്രം ഇന്ദ്രജാലത്തിലെ കാര്‍ലോസ് മുതല്‍ പിന്നീട് വന്ന നൂറ് കണക്കിന് വില്ലന്‍ വേഷങ്ങളിലും രാജന്‍ പി.ദേവ് തന്റേതായ അഭിനയ ശൈലി പകര്‍ന്നാടി. വില്ലന്‍ വേഷങ്ങളെ പോലെ തന്നെ കോമഡി കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച തൊമ്മനെ മലയാളികള്‍ എങ്ങനെ മറക്കും?

1983ല്‍ പുറത്തിറങ്ങിയ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യായിരുന്നു രാജന്‍ പി.ദേവിന്റെ അരങ്ങേറ്റ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ ഇന്ദ്രജാലത്തിലൂടെ രാജൻ പി.ദേവ് തന്റേതായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ സ്വന്തമാക്കി. പിന്നീട് 150 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. വില്ലനായും ഹാസ്യതാരമായും മലയാള സിനിമയ്ക്ക് ഓർത്തിരിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു. ക്രൂരനായ വില്ലനും സ്നേഹനിധിയായ അപ്പനും നിഷ്കളങ്കനായ ഹാസ്യതാരവും രാജൻ പി.ദേവിന്റെ കയ്യിൽ ഭദ്രമായിരുന്നു. മോഹൻലാലിനൊപ്പമുള്ള ‘സ്ഫടിക’വും മമ്മൂട്ടിക്കൊപ്പമുള്ള ‘തൊമ്മനും മക്കളും’ രാജൻ പി.ദേവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്.

സംവിധായകനായും രാജന്‍ പി.ദേവ് മലയാള സിനിമയ്ക്ക് സംഭാവനകൾ നൽകി. ‘അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍’, ‘മണിയറക്കള്ളന്‍’, ‘അച്ഛന്റെ കൊച്ചുമോള്‍ക്ക്’ എന്നീ മൂന്നു ചിത്രങ്ങളും രാജൻ പി.ദേവാണ് സംവിധാനം ചെയ്തത്. അജ്മല്‍ സംവിധാനം ചെയ്ത ‘റിങ് ടോണാ’ണ് രാജന്‍ പി.ദേവ് ഒടുവില്‍ അഭിനയിച്ച ചിത്രം. നാടക രംഗത്തു നിന്നാണ് രാജൻ പി.ദേവ് സിനിമയിലേക്ക് എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook