‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളികള്‍ക്കുകൂടി പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് എസ്.എസ്.രാജമൗലി. രാജമൗലി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് എന്നറിയുമ്പോള്‍ മലയാളി പ്രേക്ഷകരിലും ആകാംക്ഷ ഉണരാറുണ്ട്. എന്നാല്‍ ഇത്തവണ രാജമൗലിയല്ല, അദ്ദേഹത്തിന്റെ മകന്‍ എസ്.എസ്.കാര്‍ത്തികേയയാണ് മലയാളികളെ ഞെട്ടിക്കുന്നത്.
കാര്‍ത്തികേയ നടീനടന്മാരെ അന്വേഷിച്ചെത്തിയിരിക്കുന്നത് കേരളത്തിലാണ്. തെലുങ്ക് ചിത്രത്തിലേക്കുള്ള ഓഡിഷന്‍ ഈ മാസം 15ന് ഷൊര്‍ണൂരിലെ ജനഭേരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. എല്ലാ പ്രായത്തിലുമുള്ള നടീനടന്മാരെയും അദ്ദേഹം ഓഡീഷന്‍ ചെയ്യുന്നുണ്ട്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു വേണ്ടിയാണ് ഓഡീഷന്‍ നടത്തുന്നത്. ഒപ്പം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത് രാജമൗലി ചിത്രത്തിനു വേണ്ടിയാണോ അതോ കാർത്തികേയ സിനിമയെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാജമൗലിയുടെ തന്നെ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് കാര്‍ത്തികേയ. ബാഹുബലിയില്‍ രാജമൗലിക്കൊപ്പം കാര്‍ത്തികേയയുമുണ്ടായിരുന്നു.
തന്റെ വ്യത്യസ്ത ശൈലികൊണ്ടും സാങ്കേതിക വിദ്യയിലെ മികവുകൊണ്ടും സിനിമാ മേഖലയിലുള്ളവരുടെ പ്രിയം നേടിയ ആളാണ് കാര്‍ത്തികേയ. മനം, ബാഹുബലി ദി ബിഗിനിംഗ് എന്നീ ചിത്രങ്ങളുടെ പ്രചരണത്തിന്റെ വലിയ പങ്കും കാര്‍ത്തികേയയുടേതാണ്.