എസ്.എസ്.രാജമൗലി എന്ന സംവിധായകനെ ഇന്ത്യൻ സിനിമയ്ക്ക് ഓർക്കാൻ ബാഹുബലി എന്ന ഒരു ചിത്രം മാത്രം മതി. ബോക്സോഫിസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ബോളിവുഡ് ഷോയായ കോഫി വിത് കരണിൽ രാജമൗലിയും പ്രഭാസും റാണ ദഗ്ഗുബാട്ടിയും അടങ്ങിയ ബാഹുബലി താരങ്ങൾ എത്തിയപ്പോൾ ചിത്രത്തിന്റെ അണിയറ വിശേഷങ്ങളിലേക്കുളള യാത്ര കൂടിയായി മാറി.
നാലു വർഷം ഒരു ഫിലിം സ്കൂളിലേക്ക് പോയതുപോലെയായിരുന്നു ബാഹുബലി ഷൂട്ടിങ് സമയം തോന്നിയതെന്ന് റാണ പറഞ്ഞു. ബാഹുബലി ചിത്രീകരണം പൂർത്തിയാകുന്നതിനിടയിൽ മൂന്നു നാലു ബെർത്ത് ഡേ കഴിഞ്ഞുപോയെന്നായിരുന്നു പ്രഭാസ് പറഞ്ഞത്.
ബാഹുബലിയായി പ്രഭാസും ബല്ലാല ദേവയായി റാണയും ദേവസേനയായി അനുഷ്ക ഷെട്ടിയും പരസ്പരം മത്സരിച്ച് അഭിനയിച്ച് ചിത്രമാണ് ബാഹുബലി. ബോളിവുഡിൽ ബാഹുബലി റീമേക്ക് ചെയ്താൽ ആരായിരിക്കും ഈ മൂന്നു കഥാപാത്രങ്ങളായി എത്തുക? ഷോയിൽ രാജമൗലിയോട് ഈ ചോദ്യം കരൺ ജോഹർ ചോദിച്ചു.
ബാഹുബലിക്കും ബല്ലാല ദേവയ്ക്കും പ്രഭാസിനെയും റാണയെയും അല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിനായി തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നായിരുന്നു രാജമൗലിയുടെ മറുപടി. എന്നാൽ ദേവസേനയായി ദീപിക പദുക്കോണിനെയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും രാജമൗലി പറഞ്ഞു.