പ്രഭാസിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ശേഷം, ബാഹുബലിയുടെ മൂന്നാം ഭാഗം ഇറങ്ങുമോ ഇല്ലയോ എന്ന വാര്‍ത്തകളോട് ഒടുവില്‍ രാജമൗലി തന്നെ പ്രതികരിക്കുന്നു. ബാഹുബലിക്ക് ഇനി പുതുതായി ഒന്നും പറയാനില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

‘വളരെ ഭംഗിയായാണ് ആദ്യ ഭാഗം ഞങ്ങള്‍ തുടങ്ങിയത്. അവസാനിപ്പിച്ചതും ഭംഗിയായാണ്. ഇനി ബാഹുബലിക്ക് പറയാന്‍ ഒന്നുമില്ല. ബാഹുബലിക്ക് ഇവിടെ നല്ലൊരു മാര്‍ക്കറ്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. പുതിയ ചിത്രമെടുത്താലും നന്നായി സ്വീകരിക്കപ്പെടുമെന്നും. എന്നാല്‍ ഇനി അങ്ങനൊന്നു ചെയ്താല്‍ അത് സത്യസന്ധമായിരിക്കില്ല. ഒരു കഥയുണ്ടെങ്കില്‍ അതു പറയാന്‍ സന്തോഷമേയുള്ളൂ’. അത്തരത്തില്‍ തന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കഥയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു.

‘മഹാഭാരതം’ തത്ക്കാലത്തേക്ക് താന്‍ സിനിമയാക്കുന്നില്ലെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു സ്വപ്‌നം ഉണ്ട്. പക്ഷെ ഇപ്പോള്‍ അതു ചെയ്യുന്നില്ല. ഒരു ബ്രേക്കിലാണ്. അത് ആസ്വദിക്കുകയാണ്. അതിനു ശേഷം മാത്രമേ അടുത്ത പ്രൊജക്ട് തുടങ്ങൂവെന്നും ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ രാജമൗലി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ