ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 7നാണ് കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണം ആരാധകരെ മാത്രമല്ല, ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ചിരുവിന്റെ മരണം ഉൾക്കൊള്ളാൻ ഇപ്പോഴും കുടുംബത്തിന് കഴിഞ്ഞിട്ടില്ല. അതിനിടെ ചിരഞ്ജീവിയുടെ നാലോളം സിനിമകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ രാജമാർത്താണ്ഡയ്ക്ക് ഇനി ഡബ്ബിങ് മാത്രമാണ് അവശേഷിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ സർജ തന്റെ സഹോദരനു വേണ്ടി ഡബ്ബ് ചെയ്യാൻ സമ്മതിച്ചുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കളെ സമീപിച്ചിട്ടുണ്ട് എന്നതാണ്.

Read More: നമ്മുടെ കുഞ്ഞിലൂടെ നിന്നെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ; ചിരുവിന്റെ ഓർമകളിൽ മേഘ്ന

കൃത്യസമയത്ത് ചിത്രം പൂർത്തിയാക്കാൻ അവരുമായി പ്രവർത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ ധ്രുവ ചിത്രത്തിന്റെ സംവിധായകൻ രാം നാരായണൻ, നിർമ്മാതാവ് ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പഴയ കന്നഡ ശൈലിയിൽ ദൈർഘ്യമേറിയ ഡയലോഗുകൾ ഉള്ളതിനാൽ ചിരഞ്ജീവി സർജ ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും, ധ്രുവ സർജ ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള കാരണമാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഥാപാത്രത്തോട് നീതി പുലർത്തുമെന്ന് ധ്രുവ ചിത്രത്തിന്റെ സംവിധായകന് വാഗ്‌ദാനം നൽകിയിട്ടുണ്ട്, അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വാസ്തവത്തിൽ, ചിരഞ്ജീവിയുടെ മറ്റ് പ്രൊജക്റ്റുകളുടെ നിർമ്മാതാക്കളെ സഹായിക്കാനും താരം തീരുമാനിച്ചിട്ടുണ്ട്.

ചിരഞ്ജീവിയുടെ ‘രണ’വും പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് അടുക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായ ക്ഷത്രിയ, ഏപ്രിൽ എന്നിവയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. രണ്ട് പ്രോജക്ടുകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒരു മാസത്തിനുള്ളിൽ നടത്തും.

Read More: തിരികെ വാ, നീയില്ലാതെ വയ്യ; ചിരഞ്ജീവിയുടെ ഓർമയിൽ വിങ്ങി സഹോദരൻ

തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ ധ്രുവ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഹൃദയഭേദകമായിരുന്നു. സഹോദരനൊപ്പമുള്ള ചിത്രം പങ്കു വച്ച്, ‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ എന്നായിരുന്നു ധ്രുവ കുറിച്ചത്.

ജൂൺ ഏഴിന് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

നടൻ അർജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി സർജ. 2009 ൽ തമിഴ് ചിത്രമായ ‘സണ്ടക്കോഴി’യുടെ റീമേക്കായ ‘വായുപുത്ര’യിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook