ഇംഗ്ലീഷിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇത്രയധികം കളിയാക്കപ്പെടുന്ന നടൻ പൃഥ്വിരാജിനെക്കാൾ മറ്റാരുമില്ല. പൃഥ്വി ഇംഗ്ലീഷിൽ എന്തു പോസ്റ്റിട്ടാലും അന്നു ട്രോളന്മാർക്ക് ആഘോഷമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ളീഷ് സംസാരിക്കാൻ അറിയാവുന്ന നടൻ പൃഥ്വിരാജാണന്ന ഭാര്യ സുപ്രിയയുടെ അഭിപ്രായത്തിന് ട്രോളുകളുടെ പൂരമായിരുന്നു. പക്ഷേ താൻ ഈ ട്രോളുകളെയൊക്കെ ആസ്വദിക്കാറുണ്ടെന്നാണ് പൃഥ്വി മുൻപ് പറഞ്ഞത്.

പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം ആദം ജോൺ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന് എല്ലായിടത്തുനിന്നും നല്ല അഭിപ്രായമാണ് ഉയരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ ഒരു അനുഭവം പ്രേക്ഷകരോട് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത നടൻ രാഹുൽ മാധവ്. ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവിണ്യം കണ്ട് ഹോളിവുഡ് താരം പോലും ഞെട്ടിയ കഥ രാഹുൽ പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകൻ ജിനു എബ്രഹാമും രാഹുലിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

ഷൂട്ടിങ്ങിനിടയിൽ പൃഥ്വി ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ചോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് രാഹുൽ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ‘സിനിമയിൽ പൊലീസുകാരുടെ വേഷം ചെയ്യാൻ ഹോളിവുഡ് താരം എത്തിയിരുന്നു. അവർ പറഞ്ഞ ഡയലോഗിൽ വ്യാകരണ തെറ്റുണ്ടായിരുന്നു. പൃഥ്വിരാജ് അത് ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തിക്കൊടുത്തു. ഇതുകണ്ട് ഹോളിവുഡ് താരം ഞെട്ടി’യെന്നും രാഹുൽ പറഞ്ഞു. ഒറ്റവാക്കിൽ പൃഥ്വിരാജിനെ എൻസൈക്ലോപീഡിയ സിനിമ എന്നു പറയാമെന്നായിരുന്നു രാഹുൽ പറഞ്ഞത്. സിനിമയ്ക്കുവേണ്ടി എന്തു കഠിനാധ്വാനം ചെയ്യാൻ തയാറുളള വ്യക്തി. തികഞ്ഞ പ്രൌഫഷലനിസ്റ്റാണ് പൃഥ്വിയെന്നും രാഹുലിന്റെ വാക്കുകൾ. ഇനി പൃഥ്വിയുടെ ഇംഗ്ലീഷിനെ കളിയാക്കുന്നവർ ഒരു നിമിഷം ചിന്തിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ