രാജമൗലിയുടെ ഐതിഹാസിക ചിത്രം ‘ബാഹുബലി’യുടെ പ്രീക്വൽ സീരീസുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്റർനെറ്റ് സ്ട്രീമിംഗ് ലോകത്തെ അതികായന്മാരായ നെറ്റ്ഫ്ളിക്സ്. സിനിമ പറയാതെ പോയ ‘ബാഹുബലി’ കഥാപാത്രങ്ങളുടെ കഥയ്ക്കു മുൻപുള്ള കഥയാണ് ‘ബാഹുബലി: ബിഫോർ ദ ബിംഗിനിംഗ്’ എന്ന പ്രീക്വൽ സീരീസിൽ പറയുക.

സിനിമയിലെ ശക്തയായ സ്ത്രീ കഥാപാത്രവും മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജമാതാവുമായ ശിവകാമിയുടെ കഥയാണ് ആദ്യ സീസണിൽ പറയുക. ബാഹുബലി സിനിമയുടെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും രമ്യ കൃഷ്ണൻ അനശ്വരമാക്കിയ ശിവകാമി എന്ന കഥാപാത്രത്തിന്റെ കഥയ്ക്കു മുൻപുള്ള ജീവിതവും തന്റേടിയും നിഷേധിയുമായ ഒരു പെൺകുട്ടിയിൽ നിന്നും വിവേകിയും അധികാരത്തിന്റെ മൂർത്തീതത്ഭാവവുമായ രാജമാത എന്ന പദവിയിലേക്കുള്ള ശിവകാമിയുടെ ഉയർച്ചയുമാണ് പ്രീക്വലിന്റെ വിഷയം.

‘ബാഹുബലി: ബിഫോർ ദ ബിംഗിനിംഗി’ന്റെ താരനിർണയം പൂർത്തിയായതായി നെറ്റ്ഫ്ളിക്സ് പറയുന്നു. ‘ലവ്വ് സോണിയ’ ഫെയിം മൃണാൾ താക്കൂറാണ് ബാഹുബലി പ്രീക്വലിൽ ശിവകാമിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദദാസ എന്ന കഥാപാത്രമായി രാഹുൽബോസും അഭിനയിക്കുന്നുണ്ട്.

ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ അവലംബിച്ചു തന്നെയാണ് പ്രീക്വൽ ഒരുക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് പറയുന്നു. അതുൽ കുൽക്കർണി, വാഖ്വാർ ഷെയ്ഖ്, ജമീൽ ഖാൻ, സിദ്ദാർത്ഥ് അറോറ, അനുപ് സോണി എന്നിവരും പ്രീക്വലിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രവീൺ സതരും ദേവ കട്ടയുമാണ് പ്രീക്വലിന്റെ സംവിധായകർ. ബാഹുബലിയുടെ അണിയറപ്രവർത്തകരായ അർക്ക മീഡിയയും സംവിധായകൻ എസ് എസ് രാജമൗലിയുമായി സഹകരിച്ചാണ് നെറ്റ്ഫ്ളിക്സ് ഈ പ്രീക്വൽ തയ്യാറാക്കുന്നത്.

ആഗസ്തിലാണ് ബാഹുബലിയുടെ പ്രീക്വൽ വരുന്നു എന്ന പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത്. രണ്ടു സീസണുകളായിട്ടാണ് പ്രീക്വൽ പ്രേക്ഷകർക്ക് മുന്നിലെത്തുക. 9 എപ്പിസോഡുകളാവും ആദ്യ സീസണിലെ സീരീസിൽ ഉണ്ടാവുക.

രമ്യാകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും കരുത്തയായ കഥാപാത്രമായാണ് ശിവകാമിയെ സിനിമാലോകം നോക്കി കാണുന്നത്. ശിവകാമിയെന്ന കഥാപാത്രമാകാൻ ആദ്യം സംവിധായകൻ രാജമൗലി, ശ്രീദേവിയെയായിരുന്നു സമീപിച്ചിരുന്നതെങ്കിലും ശ്രീദേവി ക്ഷണം നിരസിക്കുകയായിരുന്നു.

Read more: ‘എനിക്ക് എന്റേതായ കാരണങ്ങളുണ്ട്’; ബാഹുബലി നിരസിച്ചതിനെക്കുറിച്ച് ശ്രീദേവി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ