പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഹാസിനി ആദ്യമായി അഭിനയിച്ച മലയാളം ചിത്രം എന്ന പ്രത്യേകയും ഇതിനുണ്ട്.
Read More: മലയാളത്തിന്റെ പ്രിയനടിമാർ ഒറ്റ ഫ്രെയിമിൽ; സൗഹൃദം പങ്കിട്ട് കാർത്തികയും നദിയയും
ഏറെ വർഷങ്ങൾക്ക് ശേഷം ആദ്യ ചിത്രത്തിലെ തന്റെ ആദ്യ ഡയലോഗ് ഓർക്കുകയാണ് റഹ്മാൻ. ആ രംഗത്തിന്റെ സ്ക്രീൻ ഷോട്ട് കൂടി പങ്കുവച്ചുകൊണ്ടാണ് റഹ്മാന്റെ പോസ്റ്റ്.
അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ‘കൂടെവിടെ’. ഊട്ടിയിലെ ഒരു ബോർഡിങ് സ്കൂളിലെ അധ്യാപികയായ ആലീസ് എന്ന കഥാപാത്രമായി സുഹാസിനി എത്തി. സേവ്യർ പുത്തൂരാൻ (ജോസ് പ്രകാശ്) എന്ന പാർലമെന്റ് അംഗത്തിന്റെ അച്ചടക്കമില്ലാത്ത മകനായ രവി പുത്തൂരാൻ (റഹ്‌മാൻ) ആ സ്കൂളിൽ ചേരുന്നു. രവിയെ ഒരു നല്ല വിദ്യാർഥിയായി മാറ്റിയെടുക്കുന്നതിൽ ആലീസ് വിജയിക്കുന്നു. രവിയുടെ മേൽ ആലീസ് വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസിനെ (മമ്മൂട്ടി) അസ്വസ്ഥനാക്കുന്നു. രവിയെ പിന്തുടരുന്നതിനിടയിൽ മനഃപൂർവമല്ലെങ്കിലും തോമസിന്റെ ജീപ്പിടിച്ച് രവി കൊല്ലപ്പെടുന്നു. തോമസ് പിന്നീട് പൊലീസിനു കീഴടങ്ങുകയും ചെയ്യുന്നതോടെ ആലീസ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.
പിന്നീടും നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‘കാണാമറയത്ത്’, ‘തമ്മിൽ തമ്മിൽ’, ‘ഈ ലോകം ഇവിടെ കുറേ മനുഷ്യർ’, ‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’, ‘കരിയിലക്കാറ്റു പോലെ’, ‘രാജമാണിക്യം’, ‘ബ്ലാക്ക്’ എന്നീ ചിത്രങ്ങൾ ഇവയിൽ ചിലത് മാത്രം.