കൊറോണക്കാലത്ത് എല്ലാവരും വീട്ടിലിരിപ്പാണ്. പലരും പുതിയ ജോലികൾ കണ്ടെത്തുന്നു. ചിലർ വീട്ടു ജോലികൾ പഠിക്കുന്നു. വീട്ടിലുള്ളവരെ സഹായിക്കുന്നു. ബോറടി മാറ്റാൻ കടുക് എണ്ണുകയും ബിസ്കറ്റിലെ ദ്വാരം എണ്ണുകയും ചെയ്യുന്നവർ പോലുമുണ്ടെന്നാണ് ട്രോളുകൾ. നടൻ റഹ്മാൻ എന്തായാലും വീട്ടു ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Read More: ഇതെന്താ റഹ്മാന്റെ ഫോട്ടോ കോപ്പിയോ? മകളെ കണ്ട ആരാധകരുടെ ചോദ്യം
താനും ഭാര്യയും കൂടി തുണി കഴുകി വിരിച്ചിടുന്ന ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മകളാണ് ഈ രംഗങ്ങളെല്ലാം മൊബൈൽ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. നിങ്ങൾ ആരായിരുന്നുവെന്നത് മറന്ന് നിങ്ങൾ ആരാകണം എന്നതാകുക. ജീവിതം നമ്മെ അതാണ് പഠിപ്പിക്കുന്നത്! ജീവിതത്തിന്റെ ഈ വിനാശകരമായ സമയങ്ങളിൽ നാമെല്ലാം ഒന്നാണ്, എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകൾ.
പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാൻ.
അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാൻ വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങി. സിനിമകളിൽ നിന്നും മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ റഹ്മാൻ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കാലമിത്രയായിട്ടും റഹ്മാന്റെ മൊഞ്ചിനൊന്നും യാതൊരു ഇളക്കവും തട്ടിയിട്ടില്ല. ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കാണുമ്പോൾ ഇത് മനസിലാകും.