മലയാളികളുടെ ഒരു കാലഘട്ടത്തിലെ പ്രിയതാരമാണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളെന്ന് റഹ്മാനെ വിശേഷിപ്പിക്കാം. വർഷങ്ങൾ കഴിയുംതോറും കൂടുതൽ ചെറുപ്പമാവുകയാണ് റഹ്മാൻ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും അതുതന്നെയാണ് ഓർമിപ്പിക്കുന്നത്. മീശ കളഞ്ഞ്, മുടി നെറുകയിൽ കെട്ടിവെച്ചു കൊണ്ടുള്ള റഹ്മാന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിങ്ങൾക്കും മമ്മൂക്കയ്ക്കുമൊക്കെ പ്രായം റിവേഴ്സ് ഗിയറിലാണോ സഞ്ചരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മാൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു.
Read Also: ഞാൻ ഉണർന്നപ്പോൾ കണ്ട കാഴ്ചയിതാണ്; രസകരമായ കുറിപ്പുമായി അന്ന ബെൻ
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണെന്നും വീടാണ് തനിക്ക് വലുതെന്നും റഹ്മാൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവും റുഷ്ദയുടെയും അലീഷയുടെയും ഗ്രേറ്റ് ഡാഡിയുമാകുമെന്നും റഹ്മാൻ വ്യക്തമാക്കിയിരുന്നു. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് മെഹറുന്നീസ.
തമിഴിൽ കൈനിറയെ ചിത്രങ്ങളാണ് റഹ്മാന്. വിശാൽ നായകനാവുന്ന ‘തുപ്പരിവാലൻ 2’, ജയം രവിയുടെ ‘ജന ഗണ മന’ എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനി’ലും റഹ്മാൻ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.