തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായൊരു താരതിളക്കമായിരുന്നു രഘുവരൻ. അർഹിക്കുന്ന ഉയരങ്ങളിലെത്തുന്നതിനു മുൻപെ മരണത്തിന്റെ കൈപിടിച്ച് വിടപറഞ്ഞു പോയ രഘുവരൻ തെന്നിന്ത്യൻ സിനിമാലോകത്തെ തന്നെ നികത്താനാവാത്തൊരു നഷ്ടമാണ്. അപൂർണ്ണതയുടെ സൗന്ദര്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രൗഢസുന്ദരമായൊരു വ്യക്തിത്വം.
വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്‍മയിപ്പിച്ച രഘുവരന്റെ അറുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. രഘുവരൻ വിട്ടുപിരിഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ പൂർത്തിയാകുമ്പോൾ, പ്രിയപ്പെട്ടവനെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ രോഹിണി.
It’s never the same without him. He would have turned 61 today pic.twitter.com/sdOaIROsg5
— Rohini Molleti (@Rohinimolleti) December 11, 2019
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നു തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് രഘുവരൻ അരങ്ങൊഴിയുന്നത്. വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായൊരു കയ്യൊപ്പ് ഏകാൻ രഘുവരന് സാധിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് രഘുവരന്റെ സ്വദേശം. അഭിനയത്തിൽ ഡിപ്ലോമ നേടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതിക’ളിലെ (1992) അൽഫോൺസച്ചൻ എന്ന കഥാപാത്രം രഘുവരനെ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടി കൊടുത്തു.
1996ൽ ആയിരുന്നു നടി രോഹിണിയുമായുള്ള രഘുവരന്റെ വിവാഹം. സായ് ഋഷി എന്നൊരു മകനും ഇവർക്കുണ്ട്. 2004-ൽ രോഹിണിയും രഘുവരനും വിവാഹബന്ധം വേർപ്പെടുത്തി. 2008 മാർച്ച് 19 നായിരുന്നു രഘുവരന്റെ മരണം.
Read more: ഇന്റിമേറ്റ്’ രംഗങ്ങള്‍ ചെയ്യുമ്പോള്‍ കൈവിറയ്ക്കും: ദുല്‍ഖര്‍ സല്‍മാന്‍