നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവാര്യർ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ രഘുനാഥ് പലേരിയും ഒരു ശ്രദ്ധേയ കഥാപാത്രത്തിനെ അവതരിപ്പിക്കുന്നുണ്ട്.
“ശ്രീ മധുവാരിയർ സംവിധാനം ചെയ്യുന്നൊരു സിനിമ. ‘ലളിതം സുന്ദരം’- അതാണ് പേര്. പേരുപോലെ ലളിതവും സുന്ദരവുമായൊരു കഥ. വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ. അവരെ തെളിച്ചുകൊണ്ട് അങ്ങേയറ്റം ശാന്തനായൊരു സംവിധായകൻ. സദാ നിശ്ശബ്ദൻ. വളരെ അടുത്ത് നിന്നാൽ ശ്വാസംപോലും വിശ്രമിക്കുന്ന ശബ്ദം കേൾക്കാം. തറവാട്ടു പറമ്പിൽ കുട്ടിക്കാലത്ത് ഊഞ്ഞാല് കെട്ടി ആടിയ നാടൻ മാവിന്റെ തടിവണ്ണം ഉണ്ടെങ്കിലും അകം ഉണ്ണിക്കാമ്പ്. അപൂർവ്വമായേ ചിരിച്ചു കണ്ടിട്ടുള്ളു. പക്ഷെ കണ്ണുകളിൽ സദാ പുഞ്ചിരിയുണ്ടെന്ന് ഉറപ്പ്.
അഭിനയ മോഹവുമായി പലരും എനിക്കരികിൽ സങ്കടപ്പെട്ടും, നിരാശപ്പെട്ടും, പരമാനന്ദ തുടികൊട്ടുമായി നിന്നിട്ടുണ്ടെങ്കിലും അപൂർവ്വം ചിലരെ മാത്രമേ തിരശ്ശീലയിലെ നിഴലാട്ടമായി മാറ്റാൻ എനിക്ക് സാധിച്ചിരുന്നുള്ളു. മനസ്സിൽ കണ്ടുവെച്ച ചിലരിക്കെല്ലാം ആ പ്രകാശം തളിക്കണമെന്ന ആഗ്രഹം ഇപ്പോഴും അവശേഷിക്കുന്നു. സാധിക്കുമോ എന്തോ.
അതൊരു സംഭവിക്കലാണ്. എങ്ങിനെ എപ്പോൾ എവിടെ വെച്ച് സംഭവിക്കുമെന്ന് അറിഞ്ഞും അറിയാതെയും പിറന്നു വീഴുന്ന ഒരു സിനിമക്ക്പോലും അറിയില്ലതാനും. അത്ഭുതങ്ങൾ പലതും സംഭവിച്ച ശേഷമാണ് ദൈവത്തിനു വരെ സന്ദേശം വരുന്നത്. ഈ പ്രപഞ്ചം അങ്ങിനെയാണ്. അവിടം ഒരുത്തനും ഒന്നിനും പ്രസക്തിയില്ല. സർവ്വതും, ‘ലളിതം സുന്ദരം’.” ഫെയ്സ്ബുക്ക് കുറിപ്പിൽ രഘുനാഥ് പലേരി കുറിക്കുന്നു.
ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read more: യു വി മഞ്ജു എന്ന ലേഡി സൂപ്പർസ്റ്റാർ