ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെ ‘മാംഗല്യം തന്തനാനേനാ’ എന്നത് മലയാളി ഏറെ ആഘോഷിച്ച ഒരു ഗാനമാണ്. ചിത്രമിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും പോപ്പുലര്‍ ഗാനങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായിട്ടില്ല ‘മാംഗല്യം’. അത് കൊണ്ട് തന്നെ വലിയ താര നിരയുമായി അഞ്ജലി മേനോന്‍ അടുത്ത ചിത്രം ചെയ്യുമ്പോള്‍ ഗാനങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്‌. അവര്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ വായിക്കാം: 3 വർഷങ്ങൾക്കുശേഷം ക്യാമറയ്ക്കു മുന്നിൽ നസ്രിയ

പൃഥിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറായി. രഘു ദീക്ഷിത്, എം ജയചന്ദ്രന്‍ എന്നിവരാണ് സംഗീത സംവിധായര്‍. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന രഘു ദീക്ഷിത് തന്നെയാണ് ഇതിനെ സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്.

“സിങ്കപ്പൂരില്‍ നിന്നും മടങ്ങുന്ന വഴി എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഊട്ടിയിലേക്ക് ഓടിച്ചു പോയി, മലയാളത്തില്‍ ആദ്യമായി കമ്പോസ് ചെയ്ത ഗാനത്തിനു ജീവന്‍ വയ്ക്കുന്നത് കാണാന്‍. അഞ്ജലി മേനോന്‍റെ സംവിധാന മികവില്‍ നടീ നടന്മാര്‍ ഗാന രംഗത്തില്‍ അഭിനയിക്കുന്ന കാഴ്ച അതീവ സന്തോഷകരമായിരുന്നു. മുത്താണീ ചിത്രം – എന്നെ അതിന്‍റെ ഭാഗമാക്കിയതില്‍ നന്ദി അഞ്ജലി, നിങ്ങളുടെ കൂടെ ജോലി ചെയ്യാനും അതിലൂടെ പലതും പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു”, എന്നാണ് രഘു ദീക്ഷിത് കുറിച്ചത്.

രഘു ദീക്ഷിത് ഇതിന് മുന്‍പ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഷെഫ്’ രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത് സൈഫ് അലി ഖാന്‍ നായകനായ ചിത്രമാണ്. ഇതിലെ ഗാനങ്ങള്‍ കേട്ടിട്ടാണ് അഞ്ജലി തന്നെ വിളിച്ചത് എന്ന് രഘു ദീക്ഷിത് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കന്നഡ, ഹിന്ദി സിനിമാ രംഗത്തെ സജീവ്‌ സാന്നിധ്യമായ രഘു ദീക്ഷിത് ‘ക്വിക്ക് ഗണ്‍ മുരുഗന്‍’, ഹാപ്പി ന്യൂ ഇയര്‍’ എന്നിവയുള്‍പ്പെടെ അനേകം സിനിമകള്‍ക്ക്‌ സംഗീതം നല്‍കിയിട്ടുണ്ട്. നോര്‍ത്ത് 24 കാതം എന്ന അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രത്തില്‍ ഗോവിന്ദ് മേനോന്‍റെ സംഗീത സംവിധാനത്തില്‍ ബിജിബാലിനൊപ്പം ഒരു ഗാനവും ആലപിച്ചിട്ടുണ്ട് രഘു.

ദി രഘു ദീക്ഷിത് പ്രൊജക്റ്റ്‌ എന്ന സമകാലിക ഇന്ത്യന്‍ ഫോല്ക് ബാന്‍ഡിന്‍റെ പ്രധാന സംഗീതജ്ഞനും ഉടമയുമാണ് രഘു ദീക്ഷിത്. മുപ്പതോളം രാജ്യങ്ങളിലായി 1500 റോളം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടിവര്‍.

ഇനിയും പെരിട്ടിട്ടില്ലാത്ത അഞ്ജലി മേനോന്‍ ചിത്രത്തിന്‍റെ സെക്കന്റ്‌ ഷെഡ്യൂള്‍ ഊട്ടിയില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. പൃഥ്വിരാജിന്‍റെയും നസ്രിയയുടേയും അമ്മയായി മാലാ പാര്‍വ്വതിയും അച്ഛനായി സംവിധായകന്‍ രഞ്ജിത്തും വേഷമിടുന്നു. റോഷന്‍ മാത്യു, സിദ്ധാര്‍ത് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണ്ണി, പോളി, ജോളി ചിറയത്ത് തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൂടുതല്‍ വായിക്കാം: പൃഥ്വിരാജിന്‍റെ അച്ഛനായി രഞ്ജിത്

Director Anjali Menon with lyricist Rafeek Ahamed and Composer M Jayachandran

അഞ്ജലി മേനോന്‍, റഫീക്ക് അഹമ്മദ്, എം ജയചന്ദ്രന്‍

ചിത്രത്തിന്‍റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനരചന റഫീക്ക് അഹമ്മദ്, കലാസംവിധാനം അരവിന്ദ് അശോക്‌ കുമാര്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. റിലീസ് തീരുമാനിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ