ആര്‍ത്തവം എന്നത് ഇന്നും സമൂഹം ഭ്രഷ്ട് കല്‍പിക്കുന്ന ഒരു വിഷയമാണ്. മതാചാരങ്ങളും വിശ്വാസങ്ങളും മൂലം ഇന്നും ആവര്‍ത്തവ രക്തത്തെ അശുദ്ധമായാണ് നാം കണക്കാക്കുന്നത്. സ്ത്രീകളെ ഈ പേരും പറഞ്ഞ് മാറ്റിനിര്‍ത്തുന്നതും പുതുമയുള്ള കാഴ്ചയല്ല. എന്നാല്‍ അതൊരു സ്വാഭാവിക പ്രക്രിയയാണെന്ന കാര്യം എല്ലാവരും മറക്കുന്നു.

ഇന്നും എല്ലായിടങ്ങളിലുമൊന്നും സാനിറ്ററി നാപ്കിനുകള്‍ ലഭ്യമല്ല. ആര്‍ത്തവ സമയത്ത് പഴയ തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ നമുക്കിടയിലുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കെ അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രസക്തി ഏറെയാണ്. കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച അരുണാചലം മുരുഗാനന്ദം എന്ന മനുഷ്യന്റെ ജീവിതമാണ് പാഡ്മാന്‍ പറയുന്നത്. ജനുവരി ഇരുപത്തിയാറിനാണ് പാഡ്മാന്‍ റിലീസ് ചെയ്യുന്നത്

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നായിക രാധിക ആപ്‌തെയും സംവിധായകന്‍ ബാല്‍ക്കിയും ആര്‍ത്തവത്തെക്കുറിച്ചു പങ്കുവച്ച അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ആര്‍ത്തവത്തെക്കുറിച്ച് ഇത്രയധികം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ആദ്യമായി ഋതുമതിയായപ്പോള്‍ തനിക്കുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നുവെന്ന് രാധിക ആപ്‌തെ പറഞ്ഞു. തന്റെ ആദ്യ ആര്‍ത്തവം അമ്മ ഒരു ആഘോഷമാക്കിയെന്നും അന്ന് തനിക്ക് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചുവെന്നും രാധിക ഓര്‍മ്മിച്ചു

‘എന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അതുകൊണ്ട് തന്നെ ഇത് സംഭവിക്കുമെന്ന് എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നു. ആ ദിവസം എന്റെ അമ്മ വീട്ടില്‍ ഒരു പാര്‍ട്ടി നടത്തി, എനിക്ക് ഒരു വാച്ച് സമ്മാനമായി നല്‍കി. ഞാന്‍ അന്ന് കരയുകയായിരുന്നു. പക്ഷെ എനിക്ക് നിറയെ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.’ രാധിക പറഞ്ഞു

ആര്‍ത്തവ സമയങ്ങളില്‍ തന്റെ അമ്മയെ മാറ്റി നിര്‍ത്തിയിരുന്നതു കണ്ടാണ് താന്‍ വളര്‍ന്നതെന്ന് സംവിധായകന്‍ ആര്‍.ബാല്‍കി പറഞ്ഞു.

‘ഞാന്‍ കുഞ്ഞായിരുന്ന സമയത്ത് എന്റെ അമ്മ പുറത്തിരിക്കുന്ന സമയങ്ങളുണ്ടാകാറുണ്ടായിരുന്നു. എനിക്ക് അന്നറിയില്ലായിരുന്നു എന്തിനാണ് അമ്മ അന്നത്രയും നേരം അവിടെ ഇരുന്നിരുന്നതെന്ന്. അവിടെ ഒരു തുണി തൂക്കി ഇടാറുണ്ടായിരുന്നു. ആ സമയങ്ങളില്‍ അമ്മ അടുക്കളയില്‍ കയറിയിരുന്നില്ല. അതെന്തോ നിയമമാണെന്നാണ് ഞാന്‍ അന്ന് കരുതിയിരുന്നത്. നമ്മുടെ ഒക്കെ അമ്മ, സഹോദരി, ഭാര്യ അങ്ങനെ പലരും ഇതേ അവസ്ഥയിലൂടെ കടന്ന് പോയത് നമ്മള്‍ കണ്ടിട്ടുണ്ടാകും’ ബാല്‍കി പറഞ്ഞു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ