സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തിത്വത്തിലൂടയും നിലപാടിലൂടേയും ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് രാധിക ആപ്‌തെ. സിനിമയില്‍ നിലനില്‍ക്കുന്ന ആണ്‍ മേല്‍ക്കോയ്മയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരേയുമെല്ലാം താരം പ്രതികരണം നടത്താറുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രാധിക.
ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറുകയും തുടര്‍ന്ന് താന്‍ അവരുടെ മുഖത്ത് അടിക്കുകയും ചെയ്ത സംഭവമാണ് രാധിക വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍.
‘ സെറ്റില്‍ എന്റെ ആദ്യത്തെ ദിവസമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെ, എന്നെ ഞെട്ടിച്ചു കൊണ്ട് തെന്നിന്ത്യയിലെ ഒരു വലിയ താരം എന്റെ കാലുകളില്‍ തോണ്ടുകയായിരുന്നു. എനിക്ക് അയാളെ നേരത്തെ പരിചയം പോലുമില്ലായിരുന്നു. ഒന്നും നോക്കാതെ ഞാനയാളുടെ കരണത്തടിച്ചു.’ രാധിക പറയുന്നു.
കഴിഞ്ഞ ദിവസം തന്റെ ബിക്കിനി ചിത്രത്തിനെതിരെ രംഗത്തെത്തിയ സൈബര്‍ സദാചാരവാദികള്‍ക്കും രാധിക ചുട്ടമറുപടി നല്‍കിയിരുന്നു. ബീച്ചില്‍ പിന്നെ സാരി ധരിക്കണമോ എന്നായിരുന്നു രാധികയുടെ മറുപടി.
അതേസമയം പരിപാടിയ്ക്കിടെ ഏത് സംവിധായകനാണ് ഉടനെ വിരമിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്ന അവതാരികയുടെ ചോദ്യത്തിന് രാം ഗോപാല്‍ വര്‍മ്മ എന്നായിരുന്നു രാധിക നല്‍കിയ മറുപടി. അദ്ദേഹം ഒരുപാട് നല്ല ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണെന്നായിരുന്നു അതിന് രാധിക പറഞ്ഞ കാരണം. രാം ഗോപാല്‍ വര്‍മ്മയുടെ ഈയ്യടുത്ത് ഇറങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു രാധിക.