വളരെ കുറച്ച് മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് രാധ. മകൾ കാർത്തികയും അഭിനേത്രിയെന്ന രീതിയിൽ പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി അംബികയുടെ സഹോദരി കൂടിയായ രാധ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.
കമലഹാസനൊപ്പമുള്ള ഒരു ത്രോ ബാക്ക് ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് രാധ ഇപ്പോൾ. രാധയ്ക്കും കമൽഹാസനുമൊപ്പം നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം. “ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിംഗ് നാളുകളിലെ എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയേക്കാം, എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെ നോക്കാൻ ഞങ്ങൾ നടത്തിയ പോരാട്ടത്തെയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. ഒപ്പം മാധവിയുടെ അനായാസമായ ആ ലുക്കിനെയും പ്രത്യേകം പ്രശംസിക്കുന്നു,” എന്നാണ് രാധ കുറിക്കുന്നത്.
1981ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടിക് ടിക് ടിക്. പിന്നീട് കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.
സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിച്ചത്. തമിഴിലെ കൾട്ട് ക്ലാസിക്കുകളിൽ ഒന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകൾ അവതരിപ്പിച്ച രാധയുടെ ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധിക്കപ്പെട്ടവയാണ്.
കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന രാജശേഖരനായർ ആണ് രാധയുടെ ഭർത്താവ്. മക്കളായ കാർത്തിക, തുളസി എന്നിവരും അമ്മയുടെ പാതയിൽ അഭിനയരംഗത്ത് എത്തിയവരാണ്. വിഘ്നേഷ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്.
ജോഷ് എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച കാർത്തിക തമിഴിൽ കോ എന്ന ചിത്രത്തിലും മലയാളത്തിൽ ‘മകരമഞ്ഞി’ലും അഭിനയിച്ചിരുന്നു. മണിരത്നം ചിത്രം ‘കടൽ’ ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴിൽ യാൻ എന്ന ചിത്രത്തിലും തുളസി അഭിനയിക്കുകയുണ്ടായി.
സുഹാസിനിയുടെ നേതൃത്വത്തിൽ സംഘടിക്കപ്പെടുന്ന 80കളിലെ കൂട്ടായ്മയിലും സജീവ അംഗമാണ് രാധ.