സ്ത്രീകള്‍ക്കെതിരായി ലൈംഗികത കലര്‍ന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് തമിഴ് നടന്‍ രാധാ രവി. ഇത്തവണ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കെതിരെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം.

‘കൊലയുതിര്‍ കാലം’ എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു രാധാ രവി. മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ഇദ്ദേഹം തന്റെ പ്രസംഗത്തിനിടെ നയന്‍താരയെ അധിക്ഷേപിച്ചുകൊണ്ടാണ് സംസാരിച്ചത്.

നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു.

‘പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനീകാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍താരയെ താരതമ്യപ്പെടുത്തരുത്,’ രാധാ രവി പറഞ്ഞു.

പ്രസംഗം നീണ്ടു പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പിന്നീട് രാധാരവി ആക്രമണം നടത്തിയത്. നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോഴും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാ രവി പരിഹസിച്ചു.

‘എന്റെ കാലത്ത് കെ.ആര്‍.വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം,’ തുടര്‍ന്ന് നയന്‍താരയെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പ്രസംഗം.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ രാധാ രവിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ നടികര്‍ സംഘം തയ്യാറായിട്ടില്ല. ഇതിനെതിരെ സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്നേഷ് ശിവന്‍ രംഗത്തെത്തിയിട്ടുണ്ട്.

‘വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ട്,’ വിഘ്നേഷ് ശിവന്‍ കുറിച്ചു.

vignesh shivan tweet

ഇത്തരം ആളുകള്‍ക്ക് വേദിയില്‍ കയറി എന്തും വിളിച്ചു പറയാനുള്ള അവസരം നല്‍കരുത് എന്നും വിഘ്നേഷ് പറഞ്ഞു. രാധാ രവിയെ വിമര്‍ശിച്ചുകൊണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചിന്മയിയും രംഗത്തെത്തി. യൂടൂബ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ക്കായി ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധത ആവശ്യമാണെന്നും അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.

chinmayi

തന്റെ കേസില്‍ താന്‍ മറ്റൊരു സംഘടനയിലെ അംഗമായതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നടികര്‍ സംഘം പറഞ്ഞത്. എന്നാല്‍ കരിയറില്‍ വിജയിച്ച ഏറെ അറിയപ്പെടുന്ന ഒരു നടിക്കെതിരെയാണ് ഇപ്പോള്‍ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. എന്താണ് നടികര്‍ സംഘത്തിന്റെയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും തീരുമാനം എന്നും ചിന്മയി ചോദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ