ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന ചെറുകഥയെ ആസ്പദമാക്കി സംവിധായകന് വേണു ഒരുക്കുന്ന ചിത്രത്തില്‍ രാച്ചിയമ്മയായി എത്തുന്ന നടി പാർവതിയുടെ ലുക്കിനെ ചൊല്ലി ഏറെ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഉറൂബ് തന്റെ കഥയിൽ വരച്ചുകാണിക്കുന്ന രാച്ചിയമ്മയുമായി പാർവതിയുടെ ലുക്കിന് യാതൊരു ബന്ധവുമില്ലെന്നാണ് വിമർശകർ പറയുന്നത്. അതിനിടയിലാണ് ഉറൂബിന്റെ രാച്ചിയമ്മയെ നിരവധി പേർ വരച്ചുകാണിക്കുന്നത്. അതിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ജിനിൽ എസ്.പി. തന്റെ ഭാവനയിൽനിന്നു വരച്ചെടുത്ത രാച്ചിയമ്മ. ഉറൂബിന്റെ രാച്ചിയമ്മ സിനിമയിലേക്ക് എത്തുമ്പോൾ അടിമുടി മാറ്റം വന്നത് എങ്ങനെയാണെന്ന് ജിനിൽ ചോദിക്കുന്നു. മലയാള സിനിമയിൽ കണ്ടുവരുന്ന വിവേചനങ്ങളെ കുറിച്ചും ജിനിൽ പറയുന്നു.
ജിനിലിന്റെ കുറിപ്പ് ഇങ്ങനെ:
മുഖവുരകളൊന്നും കൂടാതെ നേരേ വിഷയത്തിലേക്ക് വരാം…രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകളിലും ഇടം നേടിയ പേരാണല്ലോ ‘രാച്ചിയമ്മ’. ഉറൂബിന്റെ അതേ പേരിലുള്ള ചെറുകഥയെ സംവിധായകനും ഛായാഗ്രാഹകനുമായ വേണു സിനിമയാക്കുമ്പോൾ രാച്ചിയമ്മയാകുന്നത് പാർവതിയാണ്.
കരിങ്കല്ല് പെറ്റിട്ടെന്നോണം കറുത്തുടലുള്ള, ടോർച്ചടിക്കുന്നതു പോലെ ഇടിമിന്നൽച്ചിരിയുള്ള, കറുത്തുനീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലെ നഖങ്ങളോടുകൂടിയ പെണ്ണ്…അതാണ് തന്റെ വരികളിലൂടെ ഉറൂബ് വായനക്കാരന്റെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച രാച്ചിയമ്മ.
Read Also: ഹാപ്പി ബർത്ത്ഡേ സുന്ദരാ; ടൊവിനോയ്ക്ക് പൂർണിമയുടെ ക്യൂട്ട് വിഷ്
ഇരുട്ടത്ത് കയ്യും വീശി കുതിച്ചുനടന്നു വരുന്ന രാച്ചിയമ്മയെ കണ്ടറിയാൻ പറ്റില്ല, കേട്ടറിയാനെ പറ്റൂ എന്നു കൂടി പറയുമ്പോൾ ആർക്കും മനസിൽ തെളിയുന്ന പാത്രസൃഷ്ടിയിലൂടെ ഓരോ വായനക്കാരിലും കഥാകാരൻ ആഴത്തിൽ വരച്ചിടുകയാണ് രാച്ചിയമ്മയെ. എന്നാൽ, അതേ കഥാപാത്രത്തിന് സിനിമയെന്ന വലിയ സ്ക്രീനിൽ വരുമ്പോൾ എങ്ങിനെയാണ് അടിമുടി രൂപമാറ്റം വന്ന് മറ്റൊരാളായി മാറാൻ കഴിയുന്നത്? ആവിഷ്കാര സ്വാതന്ത്ര്യമെന്ന വിശാല ആശയത്തെ വിമർശനങ്ങളെ പ്രതിരോധിക്കാനുള്ള ആയുധമാക്കി മാറ്റുന്നതെന്തിനാണ്? പ്രതിഷേധസ്വരങ്ങളെ അപരവത്കരണമെന്ന് സാധൂകരിക്കുന്നതെന്തിനാണ്?

രാച്ചിയമ്മയായി പാർവതി
എന്താണ് നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം? ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിൽ കീഴാളരായി അഭിനയിച്ച വിനായകനും മണികണ്ഠനും സ്വന്തം പല്ലിനു പുറമെ പൊങ്ങിയ പല്ലുകൾ വച്ചു കൊടുത്തതോ? അതോ കറുത്തവരെ വേലക്കാരിയും തോഴിയുമായൊതുക്കി, കറുത്ത കഥാപാത്രത്തിനായി വെളുത്ത നായികയെ കരിവാരിത്തേക്കുന്നതോ? കറുത്ത കഥാപാത്രത്തെ അവതരിപ്പിക്കാനായി വെളുത്ത നായികയെ തിരഞ്ഞെടുത്ത് കറുപ്പിക്കാതെ അഭിനയിപ്പിക്കുന്നതാണോ നിങ്ങൾ ഇതിൽ ചൂണ്ടിക്കാട്ടുന്ന തനിമ?
Read Also: അന്ന് ഞാൻ പേടിച്ച് കരഞ്ഞ് ഗീതു മോഹൻദാസിന്റെ കയ്യിൽ കടിച്ചു; അനുഭവം പങ്കുവച്ച് റിമി ടോമി
സിനിമ എന്ന വൈഡായ ദൃശ്യമാധ്യമത്തിന് ഒരുപാട് സാധ്യതകളുണ്ട്. വായനാശീലമില്ലാത്ത ഒരുപാടുപേർ സിനിമ കാണുന്നവരുടെ കൂട്ടത്തിലുണ്ട്. വടക്കൻപാട്ടിലെ ചതിയൻ ചന്തുവിനെ എം.ടി.വാസുദേവൻ നായർ മാറ്റിയെഴുതിയപ്പോൾ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചലച്ചിത്രം കണ്ടവരിൽ പലരും ചതിയൻ ചന്തുവിനെ ആ സിനിമയിലുടനീളം കണ്ടിട്ടുണ്ടാവില്ല. ചന്തുവിനായി കേട്ടുകേൾവി പോലുമില്ലാത്ത മറ്റൊരു കഥയാണ് എം.ടി. ഒരുക്കിയതെങ്കിൽ രാച്ചിയമ്മയുടെ കഥ പറയുമ്പോൾ നായികയുടെ രൂപത്തിനൊഴികെ യഥാർഥ കഥാതന്തുവിന് മാറ്റങ്ങളില്ല. കഥാപാത്രമായി അഭിനേത്രി മാറുന്നതിനെക്കാൾ കഥാപാത്രം അഭിനേത്രിയിലേക്ക് ചുരുങ്ങുകയാണിവിടെ. വെള്ളിവെളിച്ചങ്ങൾക്കപ്പുറമുള്ള നാടകങ്ങളിൽ എത്രയോ കറുത്ത സ്ത്രീകൾ നായികമാരായി വിരാജിക്കുമ്പോഴാണ് അതിലേറെ പ്രേക്ഷകരിലേക്കെത്തുന്ന മറ്റൊരു മാധ്യമമായ സിനിമയിൽ ഇത്തരം വിവേചനങ്ങൾ അരങ്ങേറുന്നത്..
രാച്ചിയമ്മ ഒരു തുടർച്ചയാണ്…പരിണാമം സംഭവിച്ചു നീലിച്ചുപോയ ദൈവങ്ങളുടെയും, വെളുത്തു തുടുത്ത അസുര ചക്രവർത്തി മഹാബലിയുടെയും തുടർച്ച…
രാച്ചിയമ്മ എന്റെ ഭാവനയിൽ

രാച്ചിയമ്മ ജിനിലിന്റെ ഭാവനയിൽ
വരയ്ക്കാനുള്ള പ്രചോദനം
മറ്റൊന്നിനെ വായിച്ചു മനസിലാക്കുമ്പോൾ അത് എഴുത്തായി തന്നെ ഇരിക്കുമ്പോൾ ഭംഗി നഷ്ടപ്പെടില്ല. എന്നാൽ മറ്റൊരു രീതിയിലേക്ക് മാറ്റപ്പെടുമ്പോൾ ആ എഴുത്തിനോട് നമ്മൾ പുലർത്തേണ്ട ചില മര്യാദകളുണ്ട്. കഥാകാരൻ വരികൾ കൊണ്ട് വായനക്കാരന്റെ മനസിൽ വരച്ചിടുന്ന വാഗ്മയ ചിത്രങ്ങൾ എന്നെപ്പോലെ ഏതൊരാൾക്കും മനസിലാകുന്നതാകണം എന്ന തോന്നലാണ് വരയ്ക്കാനുള്ള പ്രചോദനമെന്ന് ജിനിൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
രാച്ചിയമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പാർവതി നൽകിയ മറുപടി
ശരിയായ സമയം വരുമ്പോള്‍ നമ്മള് ഉറൂബിന്റെ രാച്ചിയമ്മയെക്കുറിച്ചും ഞാന്‍ എന്തിനു ആ കഥാപാത്രം ചെയ്തു എന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാം… എന്റെ ‘ടേക്ക്’ അതില്‍ എന്തായിരുന്നു എന്നും പറയാം. ഇരുണ്ട നിറമുള്ള സ്ത്രീയുടെ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഞാനുണ്ടാകുമോ എന്നത് വലിയ ചോദ്യമാണ്, ഇല്ലെന്ന് തന്നെയാണ് ഉത്തരവും. പക്ഷേ ഇതൊരു ഭാവനാസൃഷ്ടിയാണ്, അത്തരം ഒരു ഫിക്ഷണല്‍ സ്പേസില്‍ വരുമ്പോള്‍, അങ്ങനെ ഒരു കഥയെ അവലംബിച്ച് സിനിമ ഒരുക്കുമ്പോള്‍, അതൊരു ‘ട്രിക്കി’യായ സ്പേസ് ആയി മാറും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook