അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ അവാര്‍ഡ്സ് എന്ന ലോകമുറ്റു നോക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ ചരിത്രം, അതും പെണ്‍ ചരിത്രം ഇന്ന് രാത്രിയിലെ ഒരു പ്രഖ്യാപനത്തിലൂടെ വഴി മാറിയേക്കാം. ഭാഗ്യം തുണച്ചാല്‍ റെയ്ച്ചല്‍ മോറിസണ്‍ എന്ന ഛായാഗ്രാഹക ലോകസിനിമയിലെ മികച്ച പുരസ്‌ക്കാരങ്ങളില്‍ ഒന്നായ ഓസ്‌കാര്‍ അവാര്‍ഡ് നേടും. ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണ് ഒരു ഛായാഗ്രാഹക ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ കയറിക്കൂടുന്നത്.

സിനിമാ സാങ്കേതിക വിഭാഗങ്ങളുടെ ആണിടങ്ങളിലെ, മികവിന്റെ സ്ത്രീ സാന്നിധ്യമായി മാറാന്‍ സാധ്യതയുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ഓസ്‌കാറിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് റെയ്ച്ചല്‍ മോറിസണ്‍. ഡീ റീസ് സംവിധാനം ചെയ്ത ‘മഡ്ബൗണ്ട്’ എന്ന ചിത്രത്തിലൂടെയാണ് റെയ്ച്ചല്‍ ഓസ്‌കറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 2018ന്റെ ഏറ്റവും വലിയ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന, തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ‘ബ്ലാക്ക് പാന്തര്‍’ എന്ന ചിത്രത്തിന്റെയും ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് റെയ്ച്ചല്‍ തന്നെയാണ്.

ഓസ്‌കറിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ വനിതാ ഛായാഗ്രാഹക താനാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നായിരുന്നു അമേരിക്കയിലെ നാഷണല്‍ പബ്ലിക് റേഡിയോയോട് റെയ്ച്ചലിന്റെ പ്രതികരണം. തനിക്കു ലഭിച്ച ഈ ദൃശ്യത ഒരുപാട് സ്ത്രീകള്‍ക്കുള്ള പ്രചോദനമാണെന്നും ഇരുട്ടിനൊടുവില്‍ വെളിച്ചം കണ്ടതുപോലെയാണ് തോന്നുന്നത് എന്ന് സിഎന്‍എന്നിനോട് റെയ്ച്ചല്‍ പറഞ്ഞു.

Rachel Morrison, Oscar

റേച്ചൽ മോറിസൺ

ഓരോ സ്ത്രീയ്ക്കും പ്രേരണയാവുന്നതാണ്  റെയ്ച്ചലിന്റെ സിനിമേതര ജീവിതവും. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയ്ക്കു അര്‍ബുദം ബാധിക്കുന്നത്. പതിമൂന്നാം വയസില്‍ റെയ്ച്ചലിന്റെ പിതാവും രോഗബാധിതനായി. സന്തോഷമുള്ള നിമിഷങ്ങളെ പകര്‍ത്താനുള്ള ഉപാധിയായിരുന്നു തുടക്കത്തില്‍ റെയ്ച്ചലിന് ഫോട്ടോഗ്രഫി.

‘ആഗ്രഹിക്കുമ്പോഴെല്ലാം ഓര്‍മ്മകളിലേക്കു തിരിച്ചു പോകാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ചിത്രങ്ങള്‍. എന്റെ പതിനഞ്ചാം വയസ്സിലാണ് എനിക്ക് അമ്മയെ നഷ്ടപ്പെടുന്നത്. പുറകെ അച്ഛനും പോയി. സഹോദരങ്ങളാരും ഉണ്ടായിരുന്നില്ല. ഈ ആല്‍ബങ്ങള്‍ മാത്രമാണ് എന്റേതായി ഉണ്ടായിരുന്നത്. എന്നിട്ടും അതു തുറന്നുനോക്കുക എന്നത് എനിക്കിപ്പോഴും പ്രയാസമാണ്,’ റെയ്ച്ചല്‍ പറയുന്നു.

കാംബ്രിഡ്ജ്, കോണ്‍കോര്‍ഡ് അകാഡമി, ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് റെയ്ച്ചല്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ടെലിവിഷന്‍ രംഗത്താണ് റെയ്ച്ചല്‍ തന്റെ ഛായാഗ്രാഹണ ജീവിതം ആരംഭിച്ചത്. ടെലിഫിലിമുകളിലും സീരീസുകളിലും പ്രവര്‍ത്തിച്ചു. 2005ല്‍ അവര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ‘റിക്കേഴ്സ് ഹൈ’ എന്ന ടെലിവിഷന്‍ ഡോക്യുമെന്ററി എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ഹിലാരി ജോര്‍ദ്ദാന്റെ ‘ദി സേം നേം’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഓസ്‌കാറില്‍ മാറ്റരുയ്ക്കുന്ന ‘മഡ്ബൗണ്ട്’. ഡീ റീസും, വിര്‍ജില്‍ വില്യംസുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കാരേ മുള്ളിഗന്‍, ഗാറെറ്റ് ഹെഡ്ലണ്ട്, ജാസണ്‍ ക്ലാര്‍ക്ക്, ജാസണ്‍ മിഷേല്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ പീരീഡ് ഡ്രാമയാണ് ‘മഡ്ബൗണ്ട്’.

വാഷിങ്ടണ്‍ ഡിസി ഏരിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ, ഓണ്‍ലൈന്‍ ഫിലിം ക്രിട്ടിക് സൊസൈറ്റി, ജോര്‍ജിയ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ എന്നിവയുടേത്  ഉള്‍പ്പെടെ മികച്ച ഛായാഗ്രാഹണത്തിനുള്ള ധാരാളം പുരസ്‌കാരങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ റെയ്ച്ചല്‍ അര്‍ഹയായിട്ടുണ്ട്.

തൊണ്ണൂറാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. സിനിമാലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്, ഡോള്‍ബി തിയേറ്ററിലേക്ക്. മൂന്നു ദിവസങ്ങള്‍ക്കപ്പുറത്ത് ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍, റെയ്ച്ചല്‍ മോറിസണ്‍ എന്ന പേര് ഓസ്‌കാറിനൊപ്പം ചേര്‍ത്ത് വായിക്കുമോ എന്ന് കാത്തിരുന്നു കാണാം. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറുമണിയോടെ ഓസ്‌കാര്‍ പ്രഖ്യാപനങ്ങള്‍.

ചിത്രങ്ങൾക്കു കടപ്പാട്: ട്വിറ്റർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook