മിനിസ്ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയിൽ സജീവമായ താരമാണ് രചന നാരായണകുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മറിമായ’ ത്തിലൂടെയായിരുന്നു രചന സുപരിചിതയാകുന്നത്. പിന്നീട് അവതാരകയായി തിളങ്ങിയ രചന ജയറാം ചിത്രം ‘ലക്കി സ്റ്റാറി’ലൂടെ നായികയായി. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, ആറാട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നർത്തകി കൂടിയായ രചന സോഷ്യൽ മീഡിയയിലും സജീവമാണ്.
താരങ്ങൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രചന. മോഹൻലാൽ, സിദ്ദിഖ്, ശ്വേത മേനോൻ, ഇടവേള ബാബു, ബാബു രാജ്, സുധീർ കരമന എന്നിവരെയും ചിത്രങ്ങളിൽ കാണാം. കേക്ക് മുറിച്ചാണ് രചന പിറന്നാൾ ആഘോഷമാക്കിയത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനായി കൂടിയതാണ് താരങ്ങൾ. രചനയുടെ ജന്മ നക്ഷത്രം അടിസ്ഥാനമാക്കിയുള്ള പിറന്നാളായിരുന്നു ഇന്നലെ.
“ഇങ്ങനെയാണ് ഞാനെന്റെ പിറന്നാൾ ആഘോഷിച്ചത്.സ്നേഹത്തിനും പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനും നന്ദി ലാലേട്ടാ. സിദ്ദിഖ് ഇക്ക, ബാബു ചേട്ടന്മാർ, സുധീറേട്ടാ, ശ്വേത ചേച്ചി നിങ്ങളുടെ സ്നേഹത്തിന് നന്ദി. ഇസി കഴിഞ്ഞുള്ള പൊട്ടിച്ചിരികൾക്കും നന്ദി. എന്റെ പിറന്നാളിനു ആശംസകളറിയിച്ച എല്ലാവർക്കും നന്ദിയുണ്ട്. ഞാൻ സന്തോഷത്തിന്റെ നാൽപതുകളിലേക്ക് കടക്കുകയാണ്” രചന ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചു. താരങ്ങളായ രമേഷ് പിഷാരടി, സരയൂ മോഹൻ എന്നിവർ ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.