ബോളിവുഡിന്റെ ഭായ്ജാന്‍ സല്‍മാന്‍ ഖാനെ നായകനാക്കി എത്തുന്ന റേസ് ത്രിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സെയ്ഫ് അലി ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒന്നും രണ്ടും ഭാഗത്തിന് ശേഷമാണ് മൂന്നാം ഭാഗത്തില്‍ സല്‍മാന്‍ എത്തുന്നത്.

സംവിധായകനിലും മാറ്റവുമായാണ് റേസിന്റെ മൂന്നാം പതിപ്പെത്തുന്നത്. മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് പ്രശസ്ത കൊറിയോഗ്രാഫറും സംവിധാനയകനുമായ റെമോ ഡിസൂസയാണ്. അനില്‍ കപൂര്‍ മൂന്നാം പതിപ്പിലുമുണ്ട്. ഡെയ്‌സി ഷായും ബോബി ഡിയോളും രണ്ടാം ഭാഗത്തിലെ നായിക ജാക്വിളിന്‍ ഫെര്‍ണാണ്ടസും റേസ് ത്രിയിലുണ്ട്.

ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല റേസ് ത്രി എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ സ്വാഭവം താരങ്ങളും അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. രസകരമായ വീഡിയോയില്‍ സംവിധായകനായി എത്തുന്നത് ചിത്രത്തിലെ നായകന്‍ സല്‍മാന്‍ ഖാനാണ്.

സല്‍മാന്‍ ഖാന്‍ സംവിധായകന്റെ വേഷത്തിലും അനില്‍ കപൂര്‍ ക്യാമറാമാന്റെ വേഷത്തിലുമെത്തിയാണ് വീഡിയോയിലൂടെ ഞെട്ടിക്കുന്നത്. ബോബിയും ഡെയ്‌സിയും ജാക്വിളിനും വീഡിയോയിലുണ്ട്. റേസിന്റെ അണിയറ പ്രവര്‍ത്തകരെന്ന് പറഞ്ഞാണ് താരങ്ങളെ വീഡിയോയില്‍ പരിജയപ്പെടുത്തുന്നത്. അതേസമയം, ചിത്രത്തിലെ താരമായി അവതരിപ്പിക്കുന്നത് സംവിധായകന്‍ റെമോയെയാണ്.

റേസ് ത്രീയില്‍ നിങ്ങള്‍ കാണുന്നതൊന്നും വിശ്വസിക്കരുതെന്നാണ് വീഡിയോയിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അണിയറ പ്രവര്‍ത്തകരുടെ അഭിനയം കണ്ട് ഇവരെ ഒക്കെ ആരാണ് നടന്മാരാക്കിയതെന്ന് പറയുന്ന സല്‍മാനും വളരെ ആവേശത്തോടെ ക്യാമറയില്‍ രംഗങ്ങള്‍ പകര്‍ത്തുന്ന അനില്‍ കപൂറുമെല്ലാം വീഡിയോയുടെ ഹൈലാറ്റാണ്.

എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റാത്ത, കണ്‍ മുന്നില്‍ കാണുന്നത് പോലും വിശ്വസിക്കാന്‍ കഴിയാത്ത റേസിന്റെ ട്വിസ്റ്റുകള്‍ക്കായി ആരാധകരുടെ കാത്തിരിപ്പ് കൂട്ടുന്നതാണ് വീഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ