തെലുങ്ക് ചിത്രമായ മഗധീരയുടെ പകർപ്പാണെന്ന ആരോപണത്തിൽ കുടുങ്ങിയ കേസിൽ രാബ്‌തയ്‌ക്ക് ജയം. സുഷാന്ത് സിങ് രാജ്പൂത്തും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രാബ്ത. രാബ്തയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണ് ഇത് എസ്.എസ്.രാജമൗലി ഒരുക്കിയ മഗധീരയുടെ പകർപ്പാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ പരാതി നൽകിയത്. നിയമയുദ്ധത്തിന് ശേഷം ഒടുവിൽ തങ്ങൾ ജയം നേടിയതായി രാബ്ത ടീം അറിയിച്ചു. രാബ്ത ടീമിനെതിരെ നൽകിയ കേസ് പിൻവലിച്ചുവെന്ന് മഗധീരയുടെ ഔദ്യോഗിക വക്താവും അറിയിച്ചിട്ടുണ്ട്.

ആദ്യ ദിവസം മുതൽ മഗധീരയുടെ പകർപ്പല്ല രാബ്തയെന്ന വാദമാണ് തങ്ങൾ ഉന്നയിച്ചിരുന്നതെന്ന് രാബ്ത നിർമ്മിക്കുന്ന ടി സീരിസിലെ ഭൂഷൺ കുമാർ പറഞ്ഞു. “ആദ്യ ദിവസം തൊട്ട് മഗധീരയുടെ പകർപ്പല്ല രാബ്തയെന്നായിരുന്നു ഞങ്ങളുടെ വാദം. പുനർജന്മമാണ് രണ്ട് സിനിമയിലും ഒരു പോലെയുണ്ടായിരുന്നത്. അത് മറ്റുളള സിനിമകളിലുമുണ്ട്. രണ്ടിലും പൊതുവായൊന്നുമില്ല. കോടതിയിൽ ഞങ്ങൾക്ക് വളരെ ശക്തമായ വാദമുണ്ടായിരുന്നു, അവർക്ക് അവരുടെ വാദങ്ങളും. എന്ത് തന്നെയായാലും കോടതി കാര്യമായതിനാൽ അവർ എന്തിന് കേസ് പിൻവലിച്ചുവെന്നതിൽ ഞാൻ അഭിപ്രായം പറയുന്നില്ല. പക്ഷേ, രണ്ട് സിനിമകളും വ്യത്യസ്‌തമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. സിനിമയുടെ തിരക്കഥ അവർക്ക് നൽകിയിട്ടുണ്ടായിരുന്നു. ഇപ്പോൾ ഒരു കാര്യം വ്യക്തമാണ്, ഞങ്ങളുടെ സിനിമ അവരുടേതിന്റെ പകർപ്പല്ല ” ഭൂഷൺ കുമാർ പറഞ്ഞു.

രാം ചരൺ തേജ, കാജൽ അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമാണ് മഗധീര. കെ.വി.വിജയേന്ദ്ര പ്രസാദാണ് മഗധീര എഴുതിയത്. അല്ലു അരവിന്ദിന്റെ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്ട്സ് ആണ് ചിത്രം നിർമ്മിച്ചത്.

വിഷയത്തിൽ രാബ്തയുടെ സംവിധായകൻ ദിനേഷ് വിജനും പ്രതികരിച്ചിട്ടുണ്ട്. മഗധീര ടീം തെറ്റിദ്ധരിക്കപ്പെട്ടതാവാം എന്നാണ് ദിനേഷ് വിജൻ പറഞ്ഞത്. “കോടതിയിലെ വാദങ്ങളിൽ പുനർജന്മത്തിന്റെ ആശയം ഒരുപാട് സിനിമകളിൽ വന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടാവാം. ആ ആശയം ഒരിക്കലും കോപ്പിയടിക്കാൻ പറ്റില്ല. ഒരു മാസം മുന്നേ അവരോട് രാബ്ത കാണാൻ പറഞ്ഞിരുന്നു, അവർ സിനിമ കണ്ടിരുന്നെങ്കിൽ ഇതൊരു നിസാര കാര്യമായേനേ. കേസ് അവർ പിൻവലിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ സിനിമ കരിയറിൽ ഒരുപാട് സിനിമ ചെയ്‌തിട്ടുണ്ട്. ഇതെന്റെ 11-ാമത്തെ സിനിമയാണ്. ഞാൻ കോപ്പിയടിക്കാറില്ല, അതെന്റെ സ്റ്റൈൽ അല്ല ” ദിനേഷ് വിജൻ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ