മണിക്കൂറുകൾക്ക് മുൻപ് നടൻ മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിവാഹ അപേക്ഷയുമായി ഒരു ആരാധിക എത്തിയത്.  ‘എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ?’ എന്നാണ് അവർ ചിത്രത്തിന് താഴെ കുറിച്ചത്.  സ്നേഹം നിറഞ്ഞ മറുപടിയുമായി താരവും രംഗത്തെത്തി.  ‘ നിങ്ങളെ വിവാഹം കഴിക്കാൻ എന്നെക്കാളും അർഹതയുള്ള  ഒരാളെ നിങ്ങൾ തീർച്ചയായും കണ്ടെത്തും’ എന്നാണു നീന ജയ് എന്ന് പേരുള്ള ആരാധികയോട് മാധവന് പറയാനുണ്ടായിരുന്നത്. ഏറ്റവും ഗ്രേസ്ഫുൾ ആയി അദ്ദേഹം നൽകിയ മറുപടിയെ കൈയ്യടിയോടെയാണ്  ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

R Madhavan's response to an 18 year old's marriage proposal is winning hearts

മാധവന്റെ പുതിയ ചിത്രമായ ‘റോക്കറ്ററി’യിലെ സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ ഉള്ള ഒരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.  ‘റോക്കറ്റ്രി’യുടെ സംവിധായകനും കൂടിയാണ് മാധവൻ.  ഐ എസ് ആർ  ഓ ചാരക്കേസിൽ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുകതനാവുകയും ചെയ്ത നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് മാധവൻ തന്റെ ആദ്യ സംവിധാന സംരംഭമായി തെരെഞ്ഞെടുത്തത്.  സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായിക.

Read More: നമ്പി നാരായണന്റെ ജീവചരിത്രസിനിമയിൽ മാധവനൊപ്പം സിമ്രാനും

ഐഎസ്ആർഒ ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന്‍ തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന്‍ നമ്പി നാരായണനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും മാധവന്‍ പറഞ്ഞു.

“അതിനു ശേഷം ഞാന്‍ ഈ സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ ആരംഭിച്ചു. ഏഴുമാസമെടുത്താണ് ഞാന്‍ അത് പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം തന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാറേ ഇല്ലായിരുന്നു. പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ചോദിച്ചതു മുഴുവന്‍ അദ്ദേഹത്തിന്റെ കേസിനെ കുറിച്ചായിരുന്നു, അത് നീതിയല്ലെന്ന്. ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,” ചിത്രത്തിലേക്കുള്ള യാത്രയെ കുറിച്ച് മാധവൻ പറഞ്ഞതിങ്ങനെ.

“എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല,” മാധവന്റെ ഈ വാക്കുകൾ തന്നെയാണ് ‘റോക്കറ്ററി’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook