ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. ഇപ്പോഴിതാ, തൻ്റെ മകൻ രാജ്യത്തിനായി സ്വർണം നേടിയ സന്തോഷം ആരാധകരുമായി പങ്കിടുകയാണ് താരം.
കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആണ് മാധവന്റെ മകൻ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലാണ് നേട്ടം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ വേദാന്ത് വെള്ളിയും നേടിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ മാധവനാന് മകന്റെ നേട്ടം ആരാധകരെ അറിയിച്ചത്. ദൈവത്തിനും പരിശീലകർക്കും സ്വിമ്മിങ് ഫെഡറേഷനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മാധവന്റെ പോസ്റ്റ്. ഭാര്യ സരിതയും മകന്റെ നേട്ടം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിനു മുൻപും വേദാന്ത് നീന്തൽ കുളത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്ക് വേണ്ടി നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഈ പതിനാറുകാരൻ സ്വന്തമാക്കിയത്.
നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവൻ എന്ന അച്ഛൻ. ഈ വർഷമാദ്യം മകന്റെ ടീമിന് വിജയാശംസകൾ നേർന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവൻ പങ്കു വെച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മകന് ജന്മദിനാശംസകൾ നേർന്ന് മാധവൻ സോഷ്യൻ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ കവർന്നിരുന്നു. “ഞാൻ മികവ് കാണിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും എന്നെ തോൽപ്പിച്ചതിനും എന്നെ അസൂയപ്പെടുത്തുന്നതിനും നന്ദി, എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു. എന്റെ കുട്ടി, നിന്നിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. നീ പൗരുഷത്തിന്റെ പടിവാതിലിലേക്ക് കടക്കുമ്പോൾ, നിനക്ക് ഞാൻ 16-ാം ജന്മദിനാശംസകൾ നേരുന്നു, ഞാൻ അനുഗ്രഹീതനായ ഒരു പിതാവാണ്.”
നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ ആണ് മാധവന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്.
Also Read: അമിതാഭ് ബച്ചൻ അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തുന്നു; യാഷിനെ വാഴ്ത്തി കങ്കണ