നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി താരത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.
“സ്നേഹത്തോടും ഏറെ ബഹുമാനത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നു.” പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് മാധവന്‍ ചടങ്ങില്‍ പറഞ്ഞു.
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ ശ്രദ്ധേയനായ നടനാണ് മാധവൻ. തൊണ്ണൂറുകളുടെ അവസാനത്തിൽ തന്റെ കരിയർ ആരംഭിച്ച മാധവൻ ‘ഇസ് രാത് കി സുബഹ് നഹീന്‍’ എന്ന സിനിമയിലാണ് ആദ്യം മുഖം കാണിച്ചത്. മണിരത്നത്തിന്റെ തമിഴ് റൊമാന്റിക് ചിത്രമായ ‘അലൈപായുതേ’ വലിയ ബ്രേക്കാണ് നൽകിയത്. 2000ത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
Read More: ‘നിധിയേ മടിയില്‍ പുതുമലരായ് വാ വാ…’ കൺമണിയെ കാത്ത് രഞ്ജിനും ശിൽപയും
പിന്നീട് മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം, ഗുരു രംഗ് ദേ ബസന്തി, ആയുധ എഴുത്ത്, ത്രി ഇഡിയറ്റ്സ്, വേട്ടൈ, തനു വെഡ്സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളചിത്രം ചാർലിയുടെ റീമേക്ക് ആയ ‘മാരാ’ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്റേതായി പുറത്തിറങ്ങിയത്.
‘റോക്കട്രി – ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ ഇപ്പോൾ സംവിധാന രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് മാധവൻ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.