ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. ഇപ്പോഴിതാ, തൻ്റെ മകനെക്കുറിച്ചും മകന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പറയുകയാണ് മാധവൻ.
നിലവിൽ കുടുംബത്തോടൊപ്പം ദുബായിലാണ് മാധവൻ. മകൻ വേദാന്തിനെ വരുന്ന 2026 ഒളിംപിക്സിൽ പങ്കെടുപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് മാധവൻ. നീന്തലിലാണ് വേദാന്ത് പരിശീലനം നടത്തുന്നത്.
“മുംബൈയിലെ വലിയ നീന്തൽക്കുളങ്ങൾ കോവിഡ് കാരണം അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ ഇവിടെ ദുബായിൽ വേദാന്തിനൊപ്പം ഉണ്ട്. അവിടെ അവന് നീന്തൽക്കുളങ്ങൾ ഉപയോഗിക്കാൻ. അവൻ ഒളിമ്പിക്സിനായി പരിശ്രമിക്കുന്നു. ഞാനും സരിതയും (ഭാര്യ) അവന്റെ അരികിലുണ്ട്,” മാധവൻ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എന്റെ സ്വന്തം കരിയറിനേക്കാളും എനിക്ക് വളരെ പ്രധാനമാണ് അവന്റെ ഭാവി,” എന്നും മാധവൻ പറഞ്ഞു.
അടുത്തിടെ സമാപിച്ച നീന്തൽ ചാമ്പ്യൻ ഷിപ്പിൽ മാധവന്റെ മകൻ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകൾ നേടിയിരുന്നു. ഒക്ടോബറിൽ ബസവനഗുഡി അക്വാട്ടിക് സെന്ററിൽ നടന്ന മൽസരത്തിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
മത്സരത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 1500 ഫ്രീസ്റ്റൈൽ നീന്തൽ, 4×100 ഫ്രീസ്റ്റൈൽ റിലേ, 4×200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ ആണ് വേദാന്ത് വെള്ളി നേടിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനങ്ങളിൽ വേദാന്ത് വെങ്കല മെഡലുകൾ നേടിയതായി അന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: എനിക്ക് സെക്സ് അപ്പീൽ ഇല്ല, നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് മാധവൻ
നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച് എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവൻ എന്ന അച്ഛൻ. ഈ വർഷമാദ്യം മകന്റെ ടീമിന് വിജയാശംസകൾ നേർന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവൻ പങ്കു വെച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മകന് ജന്മദിനാശംസകൾ നേർന്ന് മാധവൻ സോഷ്യൻ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ കവർന്നിരുന്നു. “ഞാൻ മികവ് കാണിച്ച മിക്കവാറും എല്ലാ കാര്യങ്ങളിലും എന്നെ തോൽപ്പിച്ചതിനും എന്നെ അസൂയപ്പെടുത്തുന്നതിനും നന്ദി, എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു. എന്റെ കുട്ടി, നിന്നിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. നീ പൗരുഷത്തിന്റെ പടിവാതിലിലേക്ക് കടക്കുമ്പോൾ, നിനക്ക് ഞാൻ 16 -ാം ജന്മദിനാശംസകൾ നേരുന്നു, ഞാൻ അനുഗ്രഹീതനായ ഒരു പിതാവാണ്.”
മലയാളത്തിൽ ദുൽഖർ നായകനായ ‘ചാർലി ‘ യുടെ തമിഴ് റീമേക്കായ ‘മാര’, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നിശബ്ദം എന്നിവയായിരുന്നു ഒടുവിൽ റിലീസ് ചെയ്ത മാധവന്റെ ചിത്രങ്ങൾ. നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ ആണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ചിത്രം.
Also Read: Minnal Murali Movie Review: മിന്നൽ മുരളിയെന്ന ദേശി സൂപ്പർ ഹീറോ; റിവ്യൂ