ദൃശ്യാഖ്യാനത്തിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗിക്കാവുന്ന വെബ് സീരീസുകൾ ഇന്ത്യയിൽ പ്രചാരം നേടിയിട്ട് അധികം നാളുകൾ ആയിട്ടില്ല. ഉത്തരേന്ത്യയിൽ നിർമിച്ച ‘സേക്രഡ് ഗെയിംസ്,’ ‘ഫാമിലി മാന്‍’ തുടങ്ങിയ വെബ് സീരീസുകൾ ഇതിനോടകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിൽ നിന്നും ആദ്യമായി നിര്‍മ്മിക്കപ്പെട്ട ‘ക്വീൻ’ എന്ന വെബ് സീരീസ് ദക്ഷിണേന്ത്യൻ സിനിമ മേഖലയിലും, അതിന്റെ ദൃശ്യ-ആസ്വാദനത്തിലും വല്യ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്ന ഒന്നാണെന്ന് പറയേണ്ടി വരും. അഭിനേത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന ‘ക്വീൻ’ ആഖ്യാനരീതികൊണ്ടും തിരക്കഥയിലെ മികവ് കൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
പ്രശസ്ത തമിഴ് സംവിധായകനായ ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുഗേഷനും ചേർന്നാണ് ‘ക്വീൻ’ സംവിധാനം ചെയ്തിരിക്കുന്നത്. എം എക്സ് പ്ലയെരിന്റെ ഒറിജിനൽ സീരിയസായ ‘ക്വീൻ’ നിർമിച്ചിരിക്കുന്നത് ടൈംസ് സ്റ്റുഡിയോയും ഒന്ടറഗയും ചേർന്നാണ്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഏതൊരു വെബ് സീരിസിന്റെയും നിലവാരം പുലർത്താൻ കഴിഞ്ഞു എന്നുള്ളതാണ് ‘ക്വീൻ’ എന്ന സീരിസിനെ പ്രസക്തമാകുന്നത്. ഓരോ ഫ്രെമിലും പകര്‍ത്തപ്പെടുന്ന സൂക്ഷ്മത കൊണ്ടും, ഓരോ കഥാപാത്രത്തിന്റെയും ആഴം കൊണ്ടും, പശ്ചാത്തല സംഗീതത്തിന്റെ തീവ്രത കൊണ്ടുമെല്ലാം പതിനൊന്നു അധ്യായങ്ങൾ ഉള്ള ഈ പരമ്പര ദക്ഷിണേന്ത്യയിന് സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഒക്കെയും തന്നെ മുഖ്യധാരയിൽ അടയാളപ്പെടുത്തുവാൻ പോന്ന ഒന്നാക്കി മാറ്റുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവായ ജയലളിതയുടെ ജീവിത കഥ തിരഞ്ഞെടുത്തത് മുതൽ ‘ക്വീൻ’ ഈ വാദത്തെ സാധൂകരിക്കുന്നു.
മൈസൂരിൽ ജനിച്ചു , ബാംഗ്ലൂരിലും മദ്രാസിലുമായി പഠനം പൂർത്തിയാക്കി പിന്നെ തമിഴ് കന്നഡ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന ജയലളിത പിന്നെ എങ്ങനെ തമിൾ മക്കളുടെ ‘പുരട്ചി തലൈവിയും,’ ‘അമ്മയും,’ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളുമായതിന്റെ കഥ പറയുന്ന ‘ക്വീൻ’ ഒരു പാൻ-ദക്ഷിണേന്ത്യൻ ആസ്വാദന ശൈലിയുടെ ഒരു പുതിയ സാധ്യത തീർച്ചയായും തുറന്നിടുന്നുണ്ട്. ജയലളിതയുടെ അധികം ആരും അറിയാതെ പോയ സ്വകാര്യ ജീവിതവും, അയ്യങ്കാർ ബ്രാഹ്മണൻ കുടുംബത്തിൽ ജനിച്ച ഒരു സ്ത്രീ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ തന്നെ പ്രബല നേതാക്കന്മാരിൽ ഒരാളായത് എങ്ങനെയാണെന്നും, അവരെ അതിനു പ്രാപ്തയാക്കിയ ജീവിതാനുഭവങ്ങളും, അവരുടെ മനോ സഞ്ചാരങ്ങളും എല്ലാം സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നുള്ളതാണ് ‘ക്വീൻ’ എന്ന പരമ്പരയുടെ പ്രാധാന്യം.
ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ഒരു വ്യക്തിയുടെയും ജീവിതകഥയല്ല എന്ന ഡിസ്ക്ലെയിമാരോട് കൂടി തുടങ്ങുന്ന ‘ക്വീൻ ,’ പക്ഷേ ജയലളിത സിമി ഗാരേവൾ എന്ന അവതാരകയുമായ നടത്തുന്ന ഒരു മണിക്കൂർ നീളുന്ന യഥാർത്ഥ അഭിമുഖത്തിന്റെ നാടകീയമായ സർഗ്ഗാത്മക സാദ്ധ്യതകൾ കൃത്യമായി ഉപയോഗിച്ചിരുന്നതായി കാണാം. ശക്തി ശേഷാദ്രി എന്ന മുഖ്യമന്ത്രി ആയിട്ടാണ് രമ്യ കൃഷ്ണൻ പരമ്പരയിൽ അഭിനയിക്കുന്നത്. ജയലളിതയുടെ യഥാർത്ഥ ഭാവങ്ങളോ, ശരീര ഭാഷയോ ഒന്നും അനുകരിക്കാൻ ശ്രമിക്കാതെ തന്റെ തനതായ ശൈലിയിൽ ജയലളിത എന്ന അധികാരത്തിന്റെ എല്ലാ ഭാവങ്ങളും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് രമ്യ. കുടുംബം, പ്രണയം പോലെയുള്ള സങ്കല്പങ്ങൾ നഷ്ടപ്പെട്ടതിൽ ഉള്ള നിരാശ ആത്മവിശ്വാസത്തിന്റെ മുഖം മൂടിയണിഞ്ഞു മറച്ചിരുന്ന ജയളിതയുടെ ഭാവങ്ങളും രമ്യ എന്ന നടിയുടെ കൈയിൽ ഭദ്രമായിരുന്നു.

മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് ഇതിന്റെ കഥ മുന്നോട്ടു പോകുന്നത്. ശക്തി ശേഷാദ്രിയുടെ 15 വയസ്സ് മുതൽ ഉള്ള സ്കൂൾ ജീവിതവും, തുടർന്നു സിനിമയിലേക്കുള്ള വരവും, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവായ എം ജി ആറിനെ ആസ്പദമാക്കി ഒരുക്കിയ ജി ആം ആർ എന്ന കഥാപാത്രവുമായുള്ള ബന്ധവും, തുടർന്നു രാഷ്ട്രീയത്തിൽ ജി എം ആറിന്റെ പിൻഗാമിയാകുന്നത് വരെയുള്ള കാലഘട്ടമാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജയലളിത എന്ന സമർത്ഥയായ, പ്രതിസന്ധികളിൽ പതറാത്ത, ഒരു ശക്തയായ വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് കാരണമായ യഥാർത്ഥ സംഭവങ്ങളുടെ സർഗാത്മകമായ പുനരാവിഷ്ക്കരണമാണ് ‘ക്വീൻ’ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാനാവും. ശക്തി ശേഷാദ്രിയുടെ യൗവന കാലം അഭിനയിച്ചിരിക്കുന്നത് മലയാളി താരം അനിഖയാണ്, യൗവനകാലത്തെ വേഷം അഞ്ജന ജയപ്രകാശും, മുതിർന്ന കാലത്തെ അവതരിപ്പിച്ചിരിക്കുന്നത് രമ്യ കൃഷ്ണനുമാണ്.
ശക്തിക്കു തന്റെ അമ്മയുമായുള്ള അധികാരവും കരുതലും ഇടകലർന്ന ബന്ധത്തെ പരമ്പര വളരെ സൂക്ഷ്മതയോടു കൂടി കൈകാര്യം ചെയുന്നുണ്ട്. സോണിയ അഗർവാൾ കുട്ടിക്കാലത്തിലെ ശക്തിയുടെ അമ്മയായി വേഷമണിയുമ്പോൾ, തുളസി എന്ന നടിയാണ് ശക്തിയുടെ യൗവന കാലത്തെ അമ്മയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഭർത്താവു വളരെ ചെറുപ്പത്തിലേ മരിച്ചിട്ടും കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആവുമ്പോഴും തന്റെ കുട്ടികളെ ആത്മാഭിമാനോത്തോട് കൂടി വളർത്തുന്ന രംഗനായകി എന്ന ശക്തിയുടെ അമ്മയുടെ കഥാപാത്രം ഒരു മാട്രിയാർക്കൽ അധികാര ഭാവമായിട്ടാണ് പരമ്പരയിൽ കാണിച്ചിരിക്കുന്നത്. കുടുംബത്തിന്റെ നിലനിൽപ്പിനായി പഠിക്കാൻ മിടുക്കിയായിരുന്ന ശക്തിയെ സിനിമയുടെ ലോകത്തേക്ക് തള്ളി വിടുന്നത് രംഗനായകി ആണ്. തന്റെ അമ്മയോടുള്ള ശക്തിയുടെ ദേഷ്യവും, നിസ്സഹായതാവസ്ഥയും, സംഘർഷവും പരമ്പരയിൽ കാണിക്കുന്നുണ്ട്, എന്നാൽ വളരെ വൈകി തന്റെ അമ്മയുടെ അനുഭവത്തിന്റെ കണ്ണിലൂടെ ശക്തി കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നുണ്ട്.
രംഗനായകി എന്ന ശക്തിയുടെ ജീവിതത്തിലെ അധികാര കേന്ദ്രത്തെ ഒരു അവസരത്തിൽ ശക്തി മറികടക്കുന്നുണ്ട്, ഇത് അവർക്കു മാനസികമായി കൂടുതൽ കരുത്തേകുന്നുണ്ട്. പക്ഷേ വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തിൽ അമ്മ തനിക്കു തുണയായി വരുമ്പോൾ ശക്തി കാര്യങ്ങൾ കൂടുതൽ ആഴത്തിൽ അനുകമ്പയോട് കൂടി കാണാൻ ശ്രമിക്കുന്നതും കാണാം. അമ്മയും മകളുമായുള്ള ബന്ധത്തിന്റെ വൈകാരികതലവും അധികാര സമവാക്യങ്ങളും പരമ്പരയുടെ പ്രമേയത്തെ കൂടുതൽ ശക്തമാക്കുന്നുണ്ട്.
ജി എം ആർ എന്ന ജനസമ്മതനായ നേതാവും നടനും ശക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നുള്ളതാണ് ഈ പരമ്പരയുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മോഹൻലാൽ ‘ഇരുവർ’ എന്ന ചിത്രത്തിൽ എം ജ ആർ എന്ന ചരിത്ര പുരുഷനെ അവതരിപ്പിച്ച ശൈലിയെ പൂർണമായും പൊളിച്ചെഴുതികൊണ്ടാണ് ഇന്ദ്രജിത് സുകുമാരൻ ജി എം ആർ എന്ന കഥാപാത്രത്തെ ഈ പരമ്പരയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും, സൗമ്യമായ അധികാരവും, വിവേകവും തന്റെ ഭാവങ്ങളിൽ സമന്വയിപ്പിച്ചുള്ള ഇന്ദ്രജിത്തിന്റെ ജി എം ആർ ആയിട്ടുള പകർന്നാട്ടം ഈ പരമ്പരയുടെ ആകർഷണമാണ്. ശക്തി എന്ന പെൺകുട്ടിയുടെ സാമർഥ്യത്തെയും ദീർഘവീക്ഷണത്തെയും ബുദ്ധിവൈഭവത്തെയും തിരിച്ചറിയുന്ന ജി എം ആർ അവളെ സിനിമയിൽ തന്റെ റാണിയായും, രാഷ്ട്രീയത്തിൽ തന്റെ പിൻഗാമിയായും തിരഞ്ഞെടുക്കുന്നതുമെല്ലാം പരമ്പരയിൽ കാണിക്കുന്നുണ്ട്.
യഥാർത്ഥ അഭിമുഖത്തിൽ സിമി ഗരേവാള്‍ ജയലളിതയോട് എം ജി ആറിനോട് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് അദ്ദേഹത്തെ ആരു കണ്ടാലും പ്രണയിച്ചു പോകുമെന്നായിരുന്നു. ‘ക്വീനി’ൽ ശക്തി എന്ന കഥാപാത്രത്തിന് ജി എം ആർ എന്ന കഥാപാത്രത്തോട് തോന്നുന്ന നിഷ്കളങ്കമായ പ്രണയവും, അതിനെ ജി എം ആർ വളരെ വിവേകപൂർവം കൈകാര്യം ചെയ്യുന്നതുമെല്ലാം കാണിക്കുന്നുണ്ട് . തനിക്കു സമമാവാൻ പോന്നവൾ ആയിട്ടാണ് ജി എം ആർ ശക്തിയെ കാണുന്നത്, സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടായിരിന്നിരിക്കാമെങ്കിൽ കൂടി ഒരു സ്ത്രീയെ തന്റെ തുല്യ ശക്തിയായി അംഗീകരിക്കാനും ബഹുമാനിക്കാനും എം ജി ആർ എന്ന നേതാവ് അന്നത്തെ കാലത്തു കാണിച്ച ആർജവം ശ്രദ്ധേയമാണ്. അതിനെ സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളതും ഈ പരമ്പരയെ വ്യത്യസ്തമാക്കുന്നു.
തെലുഗ് സംവിധായകനുമായുള്ള പ്രണയം പിന്നെ കല്യാണത്തിന്റെ പടിക്കൽ വരെ എത്തിയിട്ട് നടക്കാതെ പോകുന്നതും പരമ്പരയിൽ ഒരു പ്രധാന ഭാഗമാണ്. രണ്ടു പ്രണയ നഷ്ടങ്ങൾ അതിജീവിച്ച ഒരു സ്ത്രീ അതിനു ശേഷം ഒരു മൃദു വികാരങ്ങളിലും അടിമപ്പെടാതെ ശക്തയാവുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. സാധാരണ എല്ലാ സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുട്ടിയുടെ അമ്മയാവാൻ ആഗ്രഹിച്ചിരുന്ന ശക്തി പക്ഷേ സാഹചര്യങ്ങളുടെ ഒഴുക്കിൽപ്പെട്ടു തമിഴ് നാട്ടിലെ ജനങ്ങളുടെ തന്നെ അമ്മയായി മാറിയതിന്റെ കഥ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ പ്രധാനപെട്ട ഒരേടാണ്.
‘കറ്റത് തമിഴ്,’ ‘സുബ്രഹ്മണ്യപുരം,’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്ന എസ് ആർ കതിരും, ‘ആടുകളം,’ ‘3 ,’ ‘അസുരൻ’ പോലെയുള്ള വിജയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച ആർ വേൽരാജുമാണ് ഈ പരമ്പരയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൂടുതലായും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ആഖ്യാന രീതിയിൽ പ്രധാന കഥാപാത്രങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകൾ വളരെ മികവോടെ ഉപയോഗിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

രേഷ്മ ഘട്ടാല, അനിതാ ശിവകുമാരൻ എന്നിവര്‍ രചിച്ച ‘ക്വീൻ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ദൃശ്യ പരമ്പരയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തമായ ഭാഷയിലുള്ള സംഭാഷണങ്ങൾ കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടെ അടരുകൾ അന്വേഷിക്കുന്നുണ്ട്. പലപ്പോഴും ദാര്‍ശിനികമായുള്ള ഉള്കാഴ്ചകൾ പ്രതിഫലിക്കുന്ന സംഭാഷണങ്ങൾ അതിനാടകീയത ഇല്ലാതെ തിരക്കഥയിൽ അവതരിപ്പിക്കാനായതിൽ രേഷ്മ ഖട്ടാല അഭിനന്ദനം അർഹിക്കുന്നു. ശക്തിയുടെ ചെറുപ്പകാലം അവതരിപ്പിച്ച അനഘയും യൗവനം അവതരിപ്പിച്ച അഞ്ജന ജയപ്രകാശും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ അനുഭവിക്കുന്ന വികാരങ്ങളും സംഘര്ഷങ്ങളും കണ്ണുകളിലൂടെ അവതരിപ്പിക്കുന്നതിൽ രണ്ട് അഭിനേത്രികളും മികച്ചു നിന്നു. ശക്തമായ ഒരു വ്യക്തിത്വമായിരുന്നിട്ടു കൂടി ഏതൊരു മനുഷ്യനെയും പോലെ ജീവിതത്തിലെ ചില പ്രതികൂല സന്ദർഭങ്ങളിൽ തളർന്നു പോകുന്ന ഒരു കഥാപാത്രത്തെ സമചിത്തതയോടു കൂടി കൈകാര്യം ചെയ്തിടുണ്ട് ഈ രണ്ടു അഭിനേത്രികളും.
ശക്തിയുടെ മുതിർന്ന കാലഘട്ടം അവതരിപ്പിച്ച രമ്യ കൃഷ്ണൻ പക്ഷേ ഒരു പടി കൂടി മുന്നിലാണ്. ഇനി ഒരിക്കലും ഒരാളുടെയും മുന്നിൽ തോൽക്കില്ല എന്ന ഭാവം കണ്ണുകളിൽ നിലനിർത്തുമ്പോൾ തന്നെ ജി എം ആർ എന്ന കഥാപാത്രത്തോട് ഉണ്ടാവുന്ന പ്രണയവും ആദരവും സൂക്ഷിക്കാനും രമ്യ കൃഷ്ണന്റെ ഭാവങ്ങൾക്കു ആവുന്നുണ്ട്. ഇന്ദ്രജിത് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തി കഥാപാത്രം ഒരുപക്ഷെ ജി എം ആർ ആവാം. പക്ഷേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ആ കഥാപാത്രത്തെ മികവുറ്റതാക്കിയിട്ടുണ്ട്.
ചില അദ്ധ്യായങ്ങൾ ഗൗതം വാസുദേവ് മേനോനും ബാക്കിയുള്ളവ പ്രശാന്ത് മുരുഗേശനുമാണ് സംവിധാനം ചെയ്തിരിക്കുന്നതെങ്കിലും ചിത്രത്തിൽ ഒരിടത്തും സംവിധാനത്തിൽ വ്യത്യസ്തതകൾ കണ്ടെത്താൻ സാധിക്കില്ല. കഥയുടെ തീവ്രത ഒരിടത്തും നേർത്തു പോകാതെ ഓരോ ഷോട്ടിനും വേണ്ട പ്രാധാന്യം കൊടുത്താണ് രണ്ടു സംവിധായകരും പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്.
കഥ, തിരക്കഥ, ഛായാഗ്രഹണം, സംഗീതം, സംവിധാനം അഭിനയം തുടങ്ങി എല്ലാ മേഖലകളിലും മികച്ചു നിന്ന ഒരു വെബ് സീരീസ് എന്ന നിലക്കും, ശക്തമായ, ചരിത്ര പ്രധാന്യമുള്ള ഒരു സ്ത്രീ നേതാവിനെ പുനരാവിഷ്‌ച്ചിരിക്കുന്നു എന്നുള്ളത് കൊണ്ടും ‘ക്വീൻ’ എന്ന പരമ്പര ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ലക്ഷണമൊത്ത വെബ് സീരീസ് എന്നാകും വരും കാലങ്ങളിൽ അടയാളപ്പെടുക.
Read in English: Queen review: A fascinating watch