/indian-express-malayalam/media/media_files/uploads/2017/02/amitabh-bachchan-1.jpg)
ഇംഗ്ലണ്ടിന്റെ പ്രൗഢി വിളിച്ചോതുന്ന ബക്കിങ്ഹാം കൊട്ടാരം പുറത്തു നിന്നെങ്കിലും ഒന്നു കാണാൻ കൊതിക്കാത്തവരുണ്ടാകില്ല. എന്നാൽ അവിടേക്ക് നേരിട്ട് എലിസബത്ത് രാജ്ഞി തന്നെ ക്ഷണിച്ചാലോ ! നമ്മുടെ ബിഗ് ബിക്കാണ് അതിന് അവസരം ലഭിച്ചത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റേയും ക്ഷണം ഇന്ത്യൻ സിനിമയുടെ രാജകുമാരൻ അമിതാഭ് ബച്ചൻ നിരസിച്ചു.
യുകെ-ഇന്ത്യ സാംസ്‌കാരിക വർഷത്തിന്റെ ഉദ്‌ഘാടനത്തിനാണ് ബച്ചനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഈ മാസം അവസാനമാണ് പരിപാടി നടക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുളള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
എന്നാൽ ഈ പരിപാടിയിലേക്ക് ക്ഷണം ലഭിച്ച ബച്ചൻ അത് നിരസിക്കുകയായിരുന്നു. മുൻപ് നിശ്‌ചയിച്ച പരിപാടികൾ ഉളളതുകൊണ്ട് പോകാനാകില്ലെന്നാണ് ബിഗ് ബി കൊട്ടാര വൃത്തങ്ങളെ അറിയിച്ചിരിക്കുന്നത്. കൊട്ടാരത്തിൽ നിന്നും ലഭിച്ച പ്രത്യേക ക്ഷണത്തെ ബഹുമാനിക്കുന്നെന്നും പക്ഷേ നേരത്തെ തീരുമാനിച്ച പരിപാടികൾ ഉളളതിനാൽ വരാൻ സാധിക്കില്ലെന്നും ബച്ചൻ അറിയിച്ചിട്ടുണ്ട്.
രാം ഗോപാൽ വർമ്മയുടെ സർക്കാർ 3യുടെ ട്രെയിലർ ലോഞ്ചും ആമിർ ഖാൻ നായകനാകുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും കാരണമാണ് ബച്ചൻ പിന്മാറിയതെന്നാണ് സൂചന. അയാൻ മുഖർജിയുടെ ഡ്രാഗൺ എന്ന ചിത്രത്തിലും ബച്ചൻ വേഷമിടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.