ക്വീന്‍ സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടി സാനിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീലവര്‍ഷം. ഫെയ്‌സ്ബുക്കില്‍ സിനിമാ വിശേഷങ്ങളും മറ്റുകാര്യങ്ങളും പങ്കുവെക്കാനെത്തുമ്പോഴാണ് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയായ താരത്തിനെതിരേ അധിക്ഷേപ കമന്റുകളുണ്ടായത്. എന്നാല്‍ തനിക്കെതിരെ നടന്ന അതിക്രമത്തിന് ചുട്ടമറുപടിയുമായാണ് താരം രംഗത്തെത്തിയത്.

താന്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെ വച്ച് ഒരാള്‍ തന്നോട് ഒരുമണിക്കൂറിന് എത്രരൂപയാണ് വില എന്നു ചോദിച്ചെന്നും, വെറും പതിനഞ്ചു വയസുമാത്രമുള്ള തന്റെ അവസ്ഥ ഇതാണെങ്കില്‍ ലോകത്തുള്ള മറ്റു സ്ത്രീകള്‍ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും എന്നും സാനിയ ചോദിച്ചു. വിശന്നപ്പോള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മധുവിനെ പോലൊരു പാവത്തിനെ തല്ലിക്കൊന്നവര്‍ എന്തുകൊണ്ട് ഇത്തരക്കാരെ വെറുതെവിടുന്നുവെന്നും ഇവരെയൊക്കെയാണ് തല്ലിക്കൊല്ലേണ്ടതെന്നും സാനിയ പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാറിയിരുന്ന് കരയുകയല്ല, മറിച്ച് പ്രതികരിക്കുകയാണ് വേണ്ടത് എന്നും സാനിയ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ച് നടികള്‍ക്കെതിരെ അതിക്രൂരമായ തരത്തിലാണ് പലപ്പോഴും സൈബര്‍ ആക്രമണം നടന്നുവരുന്നത്. അടുത്തിടെ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ