ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയപ്പോൾ കരഞ്ഞുകൊണ്ട് എന്നെ ഒന്ന് കൊന്ന് തരാമോ എന്ന് അമ്മയോട് ചോദിച്ച ക്വേഡൻ ബെയിൽസ് എന്ന ബാലനെ ലോകത്തിന് അത്ര എളുപ്പം മറക്കാനാവില്ല. ആ കുഞ്ഞിന്റെ സങ്കടം ലോകത്തെ മുഴുവൻ സങ്കടത്തിലാക്കിയൊരു കാഴ്ചയായിരുന്നു. ക്വേഡന് പിന്തുണയും സ്നേഹവും പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. സമാന അവസ്ഥകളിലൂടെ കടന്ന് ജീവിതവിജയം നേടിയ ഗിന്നസ് പക്രുവും ക്വേഡനെ ആശ്വസിപ്പിച്ച് രംഗത്തു വന്നിരുന്നു.
ഇപ്പോൾ, ഗിന്നസ് പക്രുവിന്റെ സ്നേഹവും പ്രചോദനവും പകരുന്ന വാക്കുകൾക്ക് നന്ദി പറയുകയാണ് ക്വേഡനും അവന്റെ അമ്മ യാരാക്ക ബെയിൽസും. “മോനെ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്,” എന്നായിരുന്നു ഗിന്നസ് പക്രു ക്വേഡനെ ആശ്വസിപ്പിച്ചുകൊണ്ട് കുറിച്ച വരികൾ.
ഗിന്നസ് പക്രുവിന്റെ ജീവിതകഥ ക്വേഡന് ഏറെ സന്തോഷവും പ്രതീക്ഷയും നൽകിയെന്നാണ് അമ്മ യാരാക്ക ബെയിൽസ് പറയുന്നത്. എസ്ബിഎസ് മലയാളമാണ് ഗിന്നസ് പക്രുവിന്റെ വാക്കുകൾ വിവർത്തനം ചെയ്ത് ക്വേഡന്റെ അമ്മയെ അറിയിച്ചത്.
Read more: പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ: ഹൃദയത്തിൽ തൊട്ട് ഗിന്നസ് പക്രു