തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ‘കരീബ് കരീബ് സിംഗിള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി തന്‍റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സോണി ടെലിവിഷനിലെ ‘ദ ഡ്രാമാ കമ്പനിയില്‍’ ഇര്‍ഫാന്‍ ഖാനൊപ്പം താരവും എത്തിയിരുന്നു. കൃഷ്ണ അഭിഷേക് അവതാരകനായ പരിപാടിയിലെത്തിയ പാര്‍വ്വതിക്ക് എട്ടിന്റെ പണിയാണ് അവതാരകന്‍ നല്‍കിയത്.

അമിതാഭ് ബച്ചന്‍ ചിത്രമായ ‘പികു’വിലെ സംഭാഷണമാണ് പാര്‍വ്വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കിയത്. ‘Death aur shit … yeh do cheezen kisi ko, kahin bhi, kabhi bhi aa sakti hai’ എന്ന വാക്കാണ് താരത്തിന് തര്‍ജ്ജമ ചെയ്യാനായി നല്‍കിയത്. ഇര്‍ഫാന്‍ ഖാന് വേണ്ടിയും കൃഷ്ണയ്ക്ക് വേണ്ടിയും പാര്‍വ്വതി ഇത് തര്‍ജ്ജമ ചെയ്ത് നല്‍കുകയും ചെയ്തു. മലയാളികളോടും അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതായും പാര്‍വ്വതി ഹാസ്യരൂപേണ പറഞ്ഞു.

ചിത്രത്തില്‍ മലയാളിയായ നായിക ജയ എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞു. നവംബര്‍ 10ന് തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും.

അടുത്തിടെ പാര്‍വ്വതിയുടെ പ്രതിഭയെ പ്രശംസിച്ചു കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ സംസാരിച്ചിരുന്നു ‘പാര്‍വ്വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍വ്വതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നു പോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നു.’ എന്നാണ് ഇര്‍ഫാന്‍ അന്നു പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ