scorecardresearch
Latest News

Pyali Movie Review: ഹൃദയം തൊട്ട് ‘പ്യാലി’; റിവ്യൂ

Pyali Malayalam Movie Review & Rating: കുട്ടിത്തം നിറഞ്ഞ ചിരിയും ക്യൂട്ട്നസും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം തൊടുന്നുണ്ട് കുഞ്ഞു ‘പ്യാലി’

RatingRatingRatingRatingRating
pyali, pyali review

Pyali Movie Review & Rating: ഇത്തവണത്തെ മികച്ച ബാലതാരത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള സംസ്ഥാന അവർഡ് നേടിയ നേടിയ ചിത്രമാണ് ‘പ്യാലി’. യുവസംവിധായക ദമ്പതികളായ ബബിതയും റിന്നും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ മായാലോകത്തേക്കും സാഹോദരസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കൊച്ചു ഫീൽ ഗുഡ് കുടുംബ ചിത്രമാണ് ‘പ്യാലി’.

‘പ്യാലി’ എന്ന പെൺകുട്ടിയുടെ അവളുടെ സഹോദരൻ സിയയുടെയും കഥയാണ് ‘പ്യാലി’ എന്ന ചിത്രം പറയുന്നത്. കെട്ടിടം തൊഴിലാളികളായിരുന്ന അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവർ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ ഒരു ചേരിയിൽ തങ്ങളുടെതായ ഒരു ലോകം ഒരുക്കി കഴിയുകയാണ്. ട്രാഫിക് സിഗ്നലുകളിൽ സാനധങ്ങൾ വിൽപന നടത്താൻ നാടോടികളെ ഉപയോഗിക്കുന്ന ഒരു ലോബിക്ക് കീഴിലാണ് സിയ ജോലി ചെയ്യുന്നത്. അതിൽ നിന്നു ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്ന് തന്റെ സഹോദരിയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുക എന്നതാണ് അവൻ്റെ സ്വപ്നം. സുന്ദരിയായ തൻ്റെ കുഞ്ഞനിയത്തിയെ കുഞ്ഞുങ്ങൾക്ക് ചിറകിനടിയിൽ സംരക്ഷണമൊരുക്കുന്ന തള്ള കൊഴിയെ പോലെ കാക്കേണ്ട വലിയ ഉത്തരവാദിത്തവും അവനുണ്ട്. ഇതിനെല്ലാം അവനു പിന്തുണ നൽകി കൂടെ നിൽകാനുള്ളത് ഒരു സുഹൃത്ത് മാത്രമാണ്.

അങ്ങനെയിരിക്കെ, ജോലിയുടെ കൂലി സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് അത്രയും നാൾ കഴിഞ്ഞ കൊച്ചുവീട് വിട്ട് പോകേണ്ടി വരുന്നു. തനിലെ കൊച്ചു കലാകാരൻ പ്യാലിക്കായി ഉണ്ടാക്കി നൽകിയ സമ്മാനങ്ങളും നിറയെ സ്വപ്നങ്ങളുമായി അവിടെ നിന്നുമിറങ്ങുകയാണ് സിയ. ഒരിക്കലും തൻ്റെ സഹോദരിയെ പിരിയാൻ കഴിയാത്ത അവൻ, തങ്ങൾക്ക് സുരക്ഷിതമായ ഇടം താരമെന്ന് വാഗ്ദാനം ചെയ്തു കുട്ടിക്കൊണ്ടു പോകുന്ന ശിശുഭവൻ പ്രവർത്തകരുടെ അടുത്തു നിന്നും രക്ഷപ്പെടുന്നുണ്ട്. ഒടുവിൽ ഒരു ആക്രിക്കടയിൽ സുഹൃത്തിൻ്റെ സഹായത്തോടെ എത്തിപ്പെടുന്ന സിയ മറ്റൊരിടത്ത് തൻ്റെ സഹോദരിക്ക് ചിറകുള്ള ഒരു വീട് വച്ചു നൽകുകയും ആ വീട്ടിൽ നിന്ന് സിയയും പ്യാലിയും തങ്ങളുടെ സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചു പറക്കുന്നതുമാണ് സിനിമ.

Pyali Movie Review & Rating: കുട്ടിത്തം നിറഞ്ഞ ചിരിയും ക്യൂട്ട്നസും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം തൊടുന്നുണ്ട് കുഞ്ഞു ‘പ്യാലി’. ബാർബി ശർമ്മ എന്ന ബാല താരമാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതൽ അവസാനം വരെ അസാധാരണമായ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ് ബാർബി ശർമ്മ. കലയുടെ മായാലോകത്ത് അത്ഭുതങ്ങൾ ചെയ്യുന്ന, സഹോദരിയെ ജീവനോളം സ്നേഹിക്കുന്ന സിയയും പ്രേക്ഷകരുടെ ഇഷ്ടം കവരും. പലയിടങ്ങളിലും സിയ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. ജോർജ് ജേക്കബ് എന്ന കൗമാരക്കാരനാണ് സിയയായി എത്തുന്നത്.

പിന്നീട് ശ്രദ്ധയാകർഷിക്കുന്ന പ്രകടനം സിയയുടെ സുഹൃത്തായി എത്തുന്ന അംബരീഷിന്റേതാണ്. ചിത്രത്തിലെ നർമ്മ മുഹൂർത്തങ്ങൾ പലതും സമ്മാനിക്കുന്നത് കഥാപാത്രമാണ്. വളരെ തന്മയത്തത്തോടെ തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുന്നുണ്ട് അംബരീഷ്. സയ്യിദ് എന്ന കഥാപാത്രമായി ശ്രീനിവാസനും നിക്കോളനായി മാമുക്കോയയും സെൽവയായി ആടുകളം മുരുഗദോസും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതിഥി വേഷത്തിൽ ഉണ്ണി മുകുന്ദനും തിളങ്ങുന്നുണ്ട്. റാഫി, അപ്പാനി ശരത്, അൽത്താഫ് സലിം, സുജിത് ശങ്കർ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുട്ടികളുടെ ലോകം, കല, സഹോദര്യസ്നേഹം, സുഹൃത്ത് ബന്ധം, തെരുവ് ജീവിതങ്ങൾ എന്നിവയെ എല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലോട്ടിലാണ് ബബിതയും റിന്നും ‘പ്യാലി’ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. അഞ്ചു വയസായ ബാർബി ശർമ്മ എന്ന കൊച്ചുകൂട്ടിയെ ഇത്രയും മനോഹരമായി ഇത്രയും മനോഹരമായി അവതരിപ്പിച്ചതിനും ബബിതയും റിന്നും കയ്യടി അർഹിക്കുന്നു. കൂടാതെ കുഞ്ഞു കുട്ടികൾക്ക് പ്രത്യേകിച്ചും കലാപരമായ കഴിവുകളുള്ള, അവയെ മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് പ്രചോദനമാകുന്ന തരത്തിൽ അവതരിപ്പിച്ചതിന് ഈ യുവസംവിധായകരെ അഭിനന്ദിച്ചേ മതിയാകു.

അതേസമയം, സർക്കാരിന് കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളോട് ചിത്രം മുഖം തിരിക്കുന്നതായി തോന്നി. എന്നാൽ അവിടത്തെ സൗകര്യങ്ങളെ കുറിച്ചെല്ലാം ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഒപ്പം അവിടുത്തെ കുട്ടികൾ നേരിടുന്ന പീഡനങ്ങൾ ഒരൊറ്റ ഡയലോഗിലൂടെയും ചിത്രം ഓർമിപ്പിക്കുന്നു. അതുപോലെ തെരുവു ജീവിതങ്ങളെ അത്ര ആഴത്തിൽ സ്പർശിക്കാതെ പോകുന്നതായും തോന്നി.

ആർട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഛായാഗ്രഹണം, സംഗീതം തുടങ്ങിയ മേഖലകളിൽ മികച്ചു നിൽക്കുന്നുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓരോ ഫ്രയിമുകളും ഏറ്റവും ഭംഗിയായായാണ് ജിജു പകർത്തിയിരിക്കുന്നത്. പ്യാലിയുടെ ഓരോ ചലനങ്ങളും അതിമനോഹരമായി ജിജുവിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. കൊച്ചിയുടെ ആകാശ ദൃശ്യങ്ങളും ആർട്ട് വർക്കുകളുമെല്ലാം ഏറ്റവും മനോഹരമായി തന്നെ പകർത്തിയിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും അന്തരിച്ച നടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രംഗനാഥ് രവി സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ള ആണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നുണ്ട്.

‘പ്യാലി’ കുട്ടികൾക്കുള്ള ചിത്രമാണെന്ന് പറയാൻ കഴിയില്ല. ഇത് മാതാപിതാക്കൾക്കും കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്കും എല്ലവാർക്കുമുള്ള ചിത്രമാണ്. ഒപ്പം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടാവുന്ന, അവർക്ക് പലതും ചെയ്യാൻ പ്രചോദനം നൽകുന്ന ചിത്രമാണ്. കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി കണ്ടാസ്വദിക്കാവുന്ന ഒരു കുഞ്ഞു ഫീൽ ഗുഡ് ‘പ്യാലി’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pyali movie review and rating