സംസ്ഥാനത്തെ ആദ്യ 4ഡിഎക്‌സ് സിനിമാ തിയേറ്റര്‍ കൊച്ചിയിൽ. പിവിആർ സിനിമാസ് ആണ് കൊച്ചി ലുലുമാളിലെ പിവിആറിൽ 4ഡിഎക്‌സ് സിനിമാനുഭവം ഒരുക്കിയിരിക്കുന്നത്. മാർവൽ സ്റ്റുഡിയോയുടെ ‘സ്പൈഡർ-മാൻ നോ വേ ഹോം’ ആണ് പിവിആർ 4ഡിഎക്‌സിൽ പ്രദർശിപ്പിക്കുന്ന ആദ്യചിത്രം. മുംബൈ, ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാത്രം അനുഭവിച്ചറിയാൻ സാധിച്ചിരുന്ന 4ഡിഎക്സ് കാഴ്ചാനുഭവം കേരളത്തിലുമെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേക്ഷകർ.


പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത 116 മോഷൻ സീറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വെറും കാഴ്ചയ്ക്ക് അപ്പുറം സിനിമാകാഴ്ചയെ മാസ്മരികമായ അനുഭവമാക്കി മാറ്റുകയാണ് 4ഡിഎക്‌സ് ചെയ്യുന്നത്. സ്‌ക്രീനിലെ കാഴ്ചകൾ യഥാർത്ഥമാണെന്ന പോലെ പ്രേക്ഷകനും അനുഭവിക്കാനും ആസ്വദിക്കാനുമാവും. കാറ്റ്, മൂടൽമഞ്ഞ്, മിന്നൽ, വെള്ളം, മഴ, മണം എന്നിവയെല്ലാം ഇത്തരത്തിൽ കൺമുന്നിലെന്ന പോലെ പ്രേക്ഷകന് അനുഭവിക്കാം. പ്രത്യേക ഇഫക്റ്റുകളും ഹൈടെക് മോഷൻ സീറ്റുകളുമാണ് ഇതിനു സഹായിക്കുന്നത്. ചുരുക്കത്തിൽ, പ്രേക്ഷകർക്ക് സമാനതകളില്ലാത്ത സിനിമാനുഭവമാണ് 4ഡിഎക്‌സ് സമ്മാനിക്കുന്നത്.