നാടകരംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് അപ്പുണ്ണി ശശി എന്ന ശശികുമാർ എരഞ്ഞിക്കൽ. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അപ്പുണ്ണി ശശി മുഴുനീള കഥാപാത്രമായെത്തി നായക പരിവേഷത്തോടെ തിളങ്ങുകയാണ് പുഴു എന്ന ചിത്രത്തിൽ. ബി.ആർ. കുട്ടപ്പൻ എന്ന നാടകക്കാരനായി മികച്ച പ്രകടനമാണ് അപ്പുണ്ണി പുഴുവിൽ കാഴ്ച വയ്ക്കുന്നത്.
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനായ അപ്പുണ്ണി കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശിയാണ്. ഇന്ത്യയിലും വിദേശത്തുമായി ആറായിരത്തോളം വേദികളിൽ അപ്പുണ്ണി നാടകം അവതരിപ്പിച്ചിട്ടുണ്ട്. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ തുടങ്ങിയ നാടകങ്ങളെല്ലാം ഏറെ നിരൂപക പ്രശംസ നേടിയവയാണ്. തിരഞ്ഞെടുപ്പ്, ചക്കരപ്പന്തൽ തുടങ്ങിയ ഒറ്റയാള്‍ നാടകങ്ങളിൽ ഒരേ സമയം പല കഥാപാത്രങ്ങളായി എത്തി കാണികളെ അമ്പരിപ്പിച്ച നടന് കൂടിയാണ് അപ്പുണ്ണി. ചക്കരപ്പന്തൽ എന്ന നാടകത്തിൽ ഒറ്റക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപ്പുണ്ണിയെ കണ്ടാണ് തിരക്കഥാകൃത്ത് ഹർഷാദ് പുഴുവിലെ ബിആർ കുട്ടപ്പൻ എന്ന കഥാപാത്രം അപ്പുണ്ണിയ്ക്ക് സമ്മാനിക്കുന്നത്.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പുണ്ണിയുടെ സിനിമാ അരങ്ങേറ്റം. മാണിക്യത്തിന്റെ സഹോദരൻ ആണ്ടിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ അപ്പുണ്ണിയെത്തിയത്. ഇന്ത്യൻ റുപ്പി, ഞാൻ, ഷട്ടർ, പാവാട, കപ്പേള എന്നു തുടങ്ങി എൺപതോളം സിനിമകളിൽ അപ്പുണ്ണി വേഷമിട്ടു.
Read more: Puzhu Movie Review & Rating: വേഷപ്പകർച്ചയിലൂടെ അമ്പരപ്പിച്ച് മമ്മൂട്ടി; ‘പുഴു’ റിവ്യൂ