ഒരു കാലത്തെ മലയാള സിനിമയിലെ ഹൊറര്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമ തന്നെയായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ‘ആകാശഗംഗ’. ചിത്രത്തിലെ ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ ‘പുതുമഴയായി വന്നൂ നീ’ എന്ന ഗാനമുണ്ടാക്കിയ ഭയമൊന്നും അക്കാലത്ത് മറ്റൊരു പ്രേത ചിത്രവും ഉണ്ടാക്കിയിട്ടില്ല. ഇന്നും ഒരു തലമുറയുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ് ആ പാട്ടും ചിത്രവും.
ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വീണ്ടും വിനയനെത്തുമ്പോള്‍ ഈ ഗാനം ഇല്ലാതെ ആ ചിത്രം എങ്ങനെ പൂര്‍ത്തിയാകാന്‍. ബേണി ഇഗ്നേഷ്യസ് തന്നെ ഈ ഗാനം പുതിയ ചിത്രത്തിന് വേണ്ടി റീമിക്‌സ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണെങ്കില്‍ റീമിക്‌സ് ആലപിച്ചിരിക്കുന്നത് ആകാശഗംഗയിലെ നായകന്‍ റിയാസിന്റെ ഭാര്യ ഷബ്‌നമാണ്.
വിനയന്‍ സംവിധാനം ചെയ്ത 1999-ലെ പുറത്ത് ഇറങ്ങിയ ഹൊറര്‍ മലയാള സിനിമയാണ് ആകാശഗംഗ. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന ഒരു ദാസി പെണ്ണായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായി മാറുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ഈ സിനിമയുടെ കഥ.
മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന എംബിബിഎസ് വിദ്യാര്‍ഥിനിക്ക് ഇരുപതു വയസ്സ്.തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.
Read More: Akashaganga 2 Teaser: ഭയപ്പെടുത്താൻ ‘ആകാശഗംഗ 2’ വരുന്നു; ടീസർ
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിയ്ക്കുന്നത്. രമ്യ കൃഷ്ണന്‍, സിദ്ദീഖ്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്,സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിയ്ക്കുന്നത് ഹരിനാരായണൻ ആണ്.
2019 മാർച്ച് 4നാണ് വിനയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രത്തിന്റെ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ 2019 മാർച്ച് 4ന് തന്നെയാണ് റിലീസ് ചെയ്തത്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്,’
ചിത്രത്തെ കുറിച്ച് വിനയൻ പറയുന്നു.