മമ്മുട്ടിയെ നായകനാക്കി രഞ്‌ജിത്ത് ഒരുക്കുന്ന പുത്തൻ പണത്തിന്റെ ഫസ്റ്റ് ലുക്കെത്തി.  ആകാംഷയും പ്രതീക്ഷയും കൂട്ടി കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. വലിയൊരിടവേളയ്‌ക്ക് ശേഷമാണ് മമ്മുട്ടിയും രഞ്‌ജിത്തും ഒരുമിക്കുന്നത്. ദി ന്യൂ ഇന്ത്യൻ റുപ്പിയെന്നതാണ് പുത്തൻപണത്തിന്റെ ടാഗ്‌ലൈൻ.

നല്ല സ്‌റ്റൈലൻ ലുക്കിലുളള മമ്മുട്ടിയാണ് പോസ്റ്ററിലുളളത്. കൈയ്യിൽ ഗോൾഡൻ വാച്ചും വിരലുകളിൽ മോതിരവും കറുത്ത കണ്ണടയും വെച്ചുളള മമ്മുട്ടിയാണ് പുത്തൻ പണത്തിന്റെ  പോസ്റ്ററിലുളളത്.

puthan panam, mammootty

നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മമ്മുട്ടി പുത്തൻ പണത്തിൽ എത്തുക. ചിത്രത്തിന് വേണ്ടി മമ്മുട്ടി കാസർഗോഡ് ഭാഷ പഠിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളളപ്പണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇനിയ, ഷീലു എബ്രഹാം,സായ്‌കുമാർ, സിദ്ധിക്ക് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

2011ൽ പൃഥിരാജിനെ നായകനാക്കി രഞ്‌ജിത്ത് ഒരുക്കിയ ചിത്രമായിരുന്നു ഇന്ത്യൻ റുപ്പി. റിയൽ എസ്‌റ്റേറ്റ് രംഗവും കളളപ്പണവുമായിരുന്നു ഇന്ത്യൻ റുപ്പി ചർച്ച ചെയ്‌തത്. രാജ്യത്ത് നോട്ട് നിരോധനം വന്നതിന് ശേഷമാണ് പുത്തൻ പണമെന്ന ചിത്രവുമായി രഞ്‌ജിത്ത് എത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇതിന് മുൻപ് മമ്മുട്ടിയും രഞ്‌ജിത്തും ഒന്നിച്ചപ്പോൾ മലയാളികൾക്ക് എന്നെന്നും ഓർമ്മിക്കാവുന്ന ചിത്രങ്ങളാണ് പിറന്നത്. കൈയ്യൊപ്പ്, പലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്‌ന്റ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിനു മുൻപ് ഒരുമിച്ചത്. 2013 പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുകുട്ടിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

രഞ്‌ജിത്ത് ഉൾപ്പടെയുളള മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാം മാത്യു, രഞ്‌ജിത്ത്, അരുൺ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ