ശരാശരി മലയാളി പ്രേക്ഷകന് സിനിമയെന്നാല്‍ ഇപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലുമാണ്, ബോക്സ്‌ ഓഫീസിനുമതെ. പടം മോശമാണ്, എന്നാലും നമ്മുടെ മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍‍ അഭിനയിച്ചതല്ലേ, ഒന്ന് കണ്ടുകളയാമെന്ന് തീരുമാനിക്കുന്ന മലയാളി ശീലമാണ് ഇരുവരുടേയും താര സിംഹാസനങ്ങളുടെ അടിത്തറ.

സിനിമ മാറ്റങ്ങള്‍ക്കു വഴി മാറുമ്പോഴും, പുതിയ താരങ്ങള്‍ സമാന്തരാകാശങ്ങള്‍ സൃഷ്ടിക്കുമ്പോഴും, ഇവര്‍ ഉലയാതെ നില്‍ക്കുന്നത് കച്ചവടത്തിന്റെ താക്കോല്‍ മുറുകെപ്പിടിച്ച് കൊണ്ടാണ്. ഈ അങ്ങാടിയില്‍ ഇവരെ ഇനിയും വില്‍ക്കാം എന്ന് തിരിച്ചറിയുന്ന സംവിധായകരും നിര്‍മ്മാതാക്കളുമുള്ളത് കൊണ്ടാണ്.

വില്‍ക്കുന്നതിന്റെ മൂല്യവും വില്‍പ്പനയുടെ തന്ത്രങ്ങളും പുനപരിശോധിക്കാതെ, കാലത്തിനൊത്ത് നവീകരിക്കാതെ, പുതിയ കുപ്പിയും പഴയ വീഞ്ഞുമായി മാറുമ്പോഴാണ് ഇവര്‍ പതറുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാല്‍, അവനവനോടും പ്രേക്ഷകനോടും കാലത്തിനോടും നീതി പുലര്‍ത്തുന്ന ഒരു വേഷമണിഞ്ഞാല്‍, ആ പ്രഭാവലയത്തിലേക്ക് വീണ്ടുമൊതുങ്ങാന്‍ അധിക നേരമൊന്നും വേണ്ട മലയാളിക്ക്.

ത്രീ കളര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചു മമ്മൂട്ടി നായകനാകുന്ന ‘പുത്തന്‍ പണം’ അങ്ങനെയൊരവസരമാണ്. മമ്മൂട്ടിയെന്ന താരത്തിന്റെയും നടന്റെയും പ്രഭാവലയത്തിലേക്ക് മലയാളിക്ക് തിരിച്ചു പോകാനുള്ള ഒരവസരം.

ഇതിവൃത്തം

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പാളിപ്പോയ ഒരു ബിസിനസ്‌ ഡീലാണ് ഗോവയില്‍ താമസിക്കുന്ന കാസര്‍ഗോഡ്കാരന്‍ നിത്യാനന്ദ ഷേണായിയെ കൊച്ചിയിലെത്തിക്കുന്നത്. രായ്ക്കുരാമാനം നോട്ട് കടലാസായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇരുട്ടി വെളുക്കും മുന്‍പ് കൊച്ചിയില്‍ നിത്യനെ വന്നടിക്കുന്നത്. അപ്രതീക്ഷിതമായ ആ ജീവിത സന്ധിയില്‍ പെട്ട് പോയ അയാളെ അയാള്‍ തന്നെ രക്ഷിച്ചെടുക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

മൂന്നിലേറെ സമാന്തര കഥകള്‍ നിത്യാനന്ദ ഷേണോയിയുടെ കഥയ്ക്കൊപ്പം ചിത്രം പറയുന്നുണ്ട്. അവയെല്ലാം തന്നെ ഒടുവില്‍ അയാളിലേക്കെത്തും എന്ന അറിവുണ്ടാകുമ്പോഴും അതെങ്ങനെയായിരിക്കും എന്ന പ്രേക്ഷകരുടെ ആകാംഷ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് കഥാകാരനും കൂടിയായ സംവിധായകന്.

സംവിധാനം

കച്ചവട വിജയവും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയ ചുരുക്കം ചില ചലച്ചിത്രകാരന്മാരിലൊരാളാണ് രഞ്ജിത്ത്. ഇന്നിന്‍റെ മലയാളി സൈക്കിലേക്ക് ഇത്രയധികം ഇഴുകി ചേര്‍ന്ന മറ്റൊരു ചലച്ചിത്രകാരനെ കണ്ടെത്താന്‍ ഒരു പക്ഷെ സാധിക്കില്ല.
ഏട്ടന്‍ എന്ന് ചേര്‍ത്ത് വിളിക്കുമ്പോഴും എടുക്കുന്ന സിനിമയ്ക്കനുസരിച്ചു മലയാളി തള്ളുകയും കൊള്ളുകയും ചെയ്യുന്ന ഒരാള്‍.

കഴിഞ്ഞ കുറച്ചു സിനിമകളായി തെറ്റിയ കണക്കുകള്‍ തിരുത്താനുള്ള ശ്രമത്തില്‍, തന്റെ തട്ടകമായ കഥ പറച്ചിലിലേയ്ക്ക് രഞ്ജിത്ത് അച്ചടക്കത്തോടെ മടങ്ങി വന്നതാണ് പുത്തന്‍ പണത്തിന്റെ മൂലധനം.

നോട്ട് അസാധുവാക്കലിനോടനുബന്ധിച്ചുള്ള ചെറുതും വലുതുമായ പ്രശ്നങ്ങള്‍ കഥയിലുടനീളമുണ്ടെങ്കിലും, പുത്തന്‍ പണത്തിന്റെ കാതല്‍ ന്യൂ ഇന്ത്യന്‍ റുപ്പിയിലല്ല; പഴയ ചില മൂല്യങ്ങളിലാണ്. അതിസാധാരണവും സുപരിചിതവുമായ ഒരു കുറ്റാന്വേഷണ കഥയെ നവംബര്‍ 8 ന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ കൂട്ടിക്കെട്ടി സമകാലികത കൈവരുത്തുന്ന രഞ്ജിത്തിന്റെ ബുദ്ധിയെ, അത് വെറും സാമാന്യ ബുദ്ധിയാണെങ്കില്‍ കൂടിയും, അനുമോദിക്കാതെ തരമില്ല. പണമുണ്ടാക്കുന്ന പ്രലോഭനങ്ങളും പ്രശ്നങ്ങളും തന്റെ പഴയ ചിത്രമായ ഇന്ത്യന്‍ റുപ്പിയിലെന്ന പോലെ തന്നെ നാടകീയമായി വരച്ചു ചേര്‍ത്തിട്ടുണ്ട് സംവിധായകന്‍ പുത്തന്‍ പണത്തിലും.

സിനിമയില്‍ എടുത്തു പറയേണ്ട ചില മുഹൂര്‍ത്തങ്ങള്‍ സംവിധായകന് മാത്രം അവകാശപ്പെട്ടതാണ്. ഒന്ന്, താന്‍ തന്നെ ട്രെയിനിലേക്ക്‌ കൈ പിടിച്ചു കയറ്റിയ കുട്ടി, തന്റെ നേര്‍ക്ക്‌ തോക്ക് ചൂണ്ടുന്ന നിമിഷം, ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പിന്നില്‍ കൂടി ഒരു ട്രെയിന്‍ പോകുന്നുണ്ട്, കാലത്തിന്‍റെ സാക്ഷിയെന്ന പോലെ. രണ്ട്, തോക്ക് തലയിണക്കടിയില്‍ വച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുത്ത്‌ എന്ന കുട്ടിയുടെ ബോഡി ലാംഗ്വേജ് മാറുന്നുണ്ട്, നിത്യാനന്ദ ഷേണോയ് എന്ന മനുഷ്യനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടിലെങ്കിലും അയാളുടെ സ്വന്തമായ, അയാളുടെ ശക്തിയായ തോക്ക് കൈവശമുള്ളത് കൊണ്ട് അവനും അയാളെപ്പോലെയാകുന്നു. മൂന്ന്, തനിക്ക് ഒരു കുഞ്ഞു ജനിച്ചു എന്ന് ഷേണോയിയുടെ കൂട്ടാളി അറിയുന്ന ആ നിമിഷം. കാത്തിരുന്നു കിട്ടിയ കണ്മണിയുടെ ജനന വിവരം അയാള്‍ അറിയുന്നത് പോലീസ് പിടിയിലാവുന്ന നിമിഷത്തിലാണ്.

ഇതെല്ലാം മനസ്സില്‍ തട്ടുമ്പോള്‍ സംവിധായകന് കൈയ്യടി വീഴുന്നത് മറ്റൊരിടത്താണ്. ‘വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണോ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി’ എന്ന് ത്രികാല ജ്ഞാനം കൊണ്ടെന്ന പോലെ കഥാപാത്രത്തെക്കൊണ്ട് ചോദിപ്പിക്കുമ്പോഴാണത്.

അഭിനയം

രണ്ടാമൂഴത്തിലെ ഭീമസേനന് എന്‍റെ സ്വരമായിരുന്നോ എന്ന് ചോദിക്കുന്നതില്‍ തുടങ്ങി മലയാള സിനിമയിലെ ഭാഷാ വൈവിധ്യങ്ങളെല്ലാം തനിക്കു വേണം എന്നാണ് മമ്മൂട്ടി. അഭിനന്ദനാര്‍ഹാമായ ഒരളവ് വരെ അതെല്ലാം അദ്ദേഹം ആവിഷ്കരിച്ചിട്ടുമുണ്ട്. നിത്യാനന്ദ ഷേണോയ് സംസാരിക്കുന്ന കാസര്‍ഗോഡ്‌ ഭാഷ മമ്മൂട്ടിക്ക് പകര്‍ന്ന് കൊടുത്തത് തദ്ദേശ വാസിയും എഴുത്തുകാരനുമായ പി വി ഷാജി കുമാറാണ്. അത് കൊണ്ട് അതിന്‍റെ ഫലശ്രുതി പറയേണ്ടത് അന്നാട്ടുകാര്‍ തന്നെയാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ, തന്നിലെ നടനെയും താരത്തെയും ഒന്ന് കൂടെ മിനുക്കിയെടുക്കാന്‍ മമ്മൂട്ടിക്കുള്ള ഒരവസരമായിരുന്നു പുത്തന്‍ പണം. അത് ഭംഗിയായി മുതലെടുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

മാമുക്കോയ, സിദ്ധിഖ്, ഇനിയ, ബൈജു, ഇന്ദ്രന്‍സ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, സായി കുമാര്‍, വിജയ്‌ കുമാര്‍, ഗണപതി, ഷീലു അബ്രഹാം, നിരഞ്ജന തുടങ്ങിയവര്‍ ഉള്‍പെട്ട വലിയ താരനിരയില്‍ ശോഭിക്കുന്നത്‌ മുത്തു എന്ന വേഷം കൈകാര്യം ചെയ്ത സ്വരാജ്.

ടെക്നിക്കല്‍

മലയാളത്തിലെ കന്നിയങ്കത്തില്‍ തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ട്‌ ക്യാമറ കൈകാര്യം ചെയ്ത ഓം പ്രകാശ്. മനോജ്‌ കണ്ണോത്തിന്‍റെ ചിത്ര സംയോജനത്തിന് ചിലയിടങ്ങളില്‍ മുറുക്കം നഷ്ടപ്പെട്ടു എന്ന് തോന്നുമെങ്കിലും കഥാനുഗതമായുള്ള തീരുമാനങ്ങളാണവ എന്ന് നാം പെട്ടന്ന് തിരിച്ചറിയും. സന്തോഷ്‌ രാമന്‍റെ കലാസംവിധാനം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം, എന്നിവയെല്ലാം തന്നെ പുത്തന്‍ പണത്തിന്റെ വില കൂട്ടുന്നു.

സംഗീതം

ഷാന്‍ റഹ്മാനാണ് പുത്തന്‍ പണത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. പാട്ടുകള്‍ക്ക് പ്രസക്തിയുള്ള പ്രമേയമല്ലാത്തത് കൊണ്ടാവാം, പട്ടം പോലെ എന്ന് തുടങ്ങുന്ന ടൈറ്റില്‍ സോങ്ങ് മാത്രമാണ് നമ്മള്‍ ഓര്‍ക്കാന്‍ സാധ്യതയുള്ളത്. റഫീക്ക് അഹമ്മദാണ് ആ ഗാനം രചിച്ചിരിക്കുന്നത്.

അച്ചു രാജാമണിയുടെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും മുഴച്ചു നില്‍ക്കുന്നു. ഫാന്‍സിനു പുളകം കൊള്ളാനും കൈയ്യടിക്കാനും വേണ്ടി മാത്രം സിനിമയില്‍ സംഗീതമുണ്ടാകുന്നത് ഉള്‍ക്കൊള്ളാനാവാത്തതാണ്.

മമ്മൂട്ടിയും രഞ്ജിത്തും ചേര്‍ന്ന് പുത്തന്‍ പണത്തിനെ മൊത്തം ജോറാക്കിയിട്ടുണ്ടെങ്കിലും സെന്‍സര്‍ ബോര്‍ഡ്‌ കൊടുത്ത ‘യു എ’ സര്‍ട്ടിഫിക്കറ്റ് ഈ വിഷുക്കാലത്ത് കുടുംബ പ്രേക്ഷകരെ അകറ്റുമോ എന്നൊരാശങ്ക നില നില്‍ക്കുന്നു. അടുത്ത കാലത്ത് കണ്ട മമ്മൂട്ടിയുടെ മികച്ച കഥാപാത്രത്തിനും, കാലിക പ്രസക്തിയുള്ള ഒരു കഥയ്ക്കും ആ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുമോ എന്ന് ഈ വിഷുക്കാലം വിധി പറയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ