തമിഴകത്തെ പ്രഗത്ഭരായ അഞ്ചു സംവിധായകർ ചേർന്നൊരുക്കിയ ആന്തോളജി ഫിലിം ‘പുത്തം പുതു കാലൈ’ ഒക്ടോബർ 16ന് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ചേർന്നൊരുക്കുന്ന ഈ ആന്തോളജി ചിത്രത്തിൽ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവുമുണ്ട് ‘ഇളമൈ ഇദോ ഇദോ’.

സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നാലു അഭിനേതാക്കളാണ് ഒന്നിച്ച് സ്ക്രീനിലെത്തുന്നത്. ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കമൽഹാസന്റെ ‘സകലകലാവല്ലവൻ’ എന്ന ചിത്രത്തിലെ എസ് പിബി ആലപിച്ച ജനപ്രിയ ഗാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന് പേര് നൽകിയത്. കൊറോണക്കാലത്തെ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ പ്രിയ താരജോഡികളായിരുന്ന ഉർവ്വശിയും ജയറാമും വീണ്ടും ഒന്നിച്ചെത്തുകയാണ്. അതേസമയം, ഇത് മൂന്നാമത്തെ തവണയാണ് അച്ഛനൊപ്പം കാളിദാസ് സ്ക്രീൻ പങ്കിടുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിലാണ് മുൻപ് ഇവർ ഒന്നിച്ചഭിനയിച്ചത്. 17 വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുകയാണ് ‘ഇളമൈ ഇദോ ഇദോ’യിലൂടെ. അതേസമയം, ഉർവശിയ്ക്ക് ഒപ്പം വീണ്ടുമൊരു ചിത്രത്തിൽ കൂടി കൈകോർക്കുകയാണ് കല്യാണി പ്രിയദർശൻ. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നു.

‘അവളും നാനും’ എന്നാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ പേര്. എം എസ് ഭാസ്കർ, ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ താരം റിതു വർമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ‘കോഫി, എനിവൺ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുഹാസിനി മണിരത്നമാണ്. അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

രാജീവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ‘റീയൂണിയൻ’ എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും ആണ് പ്രധാന അഭിനേതാക്കൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ‘മിറാക്കിൾ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനേതാക്കൾ.

Read more: Putham Pudhu Kaalai: ആന്തോളജി ചിത്രവുമായി പ്രിയ സംവിധായകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook