Pushpa trailer: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ’യുടെ ട്രെയ്ലർ റിലീസ് ചെയ്തു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ‘പുഷ്പ’യുടെ ആദ്യ ഭാഗമായ ‘പുഷ്പ ദ റൈസി’ന്റെ ട്രെയ്ലറാണ് പുറത്തിറക്കിയത്. തിങ്കളാഴ്ച ആറുമണിക്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കും എന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നതെങ്കിലും ചില “അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ” ചൂണ്ടിക്കാട്ടി ട്രെയിലർ ലോഞ്ച് മൂന്ന് മണിക്കൂറിലധികം വൈകി.
സംവിധായകൻ സുകുമാറും സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദുമായി അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ 2’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇവർ മൂന്നുപേരും ഇതിന് മുൻപ് ഒരുമിച്ചത്. അല്ലു അർജുന് ബ്രേക്ക് നൽകി തെലുങ്ക് സംസ്ഥാനങ്ങളിലും കേരളത്തിലും ജനപ്രിയ താരമാക്കി മാറ്റിയ ചിത്രമായിരുന്നു ‘അര്യ’.
രശ്മിക മന്ദനയാണ് ‘പുഷ്പ’യിൽ നായിക. അല്ലു അർജുനൊപ്പം രശ്മിക ആദ്യമായി സ്‌ക്രീൻ സ്‌പേസ് പങ്കിടുന്ന ചിത്രമാണിത്.
ഡിസംബർ 17 നാണ് ‘പുഷ്പ ദ റൈസ്’ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സാമന്ത റൂത്ത് പ്രഭു ചിത്രത്തിൽ ഒരു ഡാൻസ് നമ്പറിൽ പ്രത്യക്ഷപ്പെടുമെന്ന് നിർമാതാക്കൾ അടുത്തിടെ അറിയിച്ചിരുന്നു.
Also Read: കത്രീന കെയ്ഫിന്റെ ആ വാക്കുകൾ വിക്കി കൗശലിന്റെ ഹൃദയം തൊട്ടു; പ്രണയകഥയുടെ തുടക്കം ഇങ്ങനെ