തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘പുഷ്പ’. അല്ലു അർജുൻ നായകനായ ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. കോവിഡിനു ശേഷം തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ കുറിച്ചാണ് പുഷ്പ കുതിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടു ദിവസത്തെ കളക്ഷൻ എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
റീലീസ് ചെയ്ത് ആദ്യ രണ്ടു ദിവസം കൊണ്ട് ചിത്രം 100 കോടിയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ‘പുഷ്പ’ രണ്ടു ദിവസം കൊണ്ട് 116 കോടി നേടിയെന്ന് ട്വിറ്ററിലൂടെയാണ് നിർമ്മാതാക്കൾ അറിയിച്ചത്. വടക്കേ ഇന്ത്യയിൽ ഉൾപ്പടെ ചിത്രം നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.
‘പുഷ്പ’ രണ്ടാം ദിനം കളക്ഷൻ വർധിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് തരൻ ആദർശും ട്വിറ്ററിൽ കുറിച്ചു.വെള്ളിയാഴ്ച്ച മൂന്ന് കോടി നേടിയ ചിത്രം ശനിയാഴ്ച നാല് കോടി നേടിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ബോക്‌സ് ഓഫീസിൽ ചിത്രം 1.30 മില്യൺ ഡോളർ കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പങ്കുവെച്ചു.
Also Read:മിന്നൽ മുരളിക്ക് ഗ്രേറ്റ് ഖാലിയുടെ ‘സൂപ്പർഹീറോ ടെസ്റ്റ്’; പുതിയ വീഡിയോക്ക് കയ്യടിച്ച് ആരാധകർ
അതേസമയം, ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുനെ പ്രശംസിച്ചു ധാരാളം പേർ രംഗത്ത് എത്തുന്നുണ്ട്. പതിവ് സ്റ്റൈലിഷ് അല്ലു അർജുനെയല്ല ആരാധകർക്ക് ചിത്രത്തിൽ കാണാനാകുക.
ഡിസംബർ 17 ന് ആണ് ‘പുഷ്പ ദി റൈസ്’ റിലീസ് ചെയ്തതത്. ചില സാങ്കേതിക കാരണങ്ങളാൽ കേരളത്തിൽ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ആദ്യം എത്തിയത്. ഇന്നലെയോടെയാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് വന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസിൽ, സുനിൽ, അനസൂയ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.