തെന്നിന്ത്യൻ സിനിമാലോകം ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘പുഷ്പ’. അല്ലു അർജുൻ നായകനാവുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ, മലയാളത്തിലെ അല്ലു അർജുൻ ആരാധകർ നിരാശയിലാണ്. ആദ്യപ്രദർശന ദിവസത്തിൽ മലയാളം പതിപ്പ് കാണാൻ കഴിഞ്ഞില്ല എന്നതാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. തമിഴ് പതിപ്പാണ് കേരളത്തിൽ ആദ്യദിവസം പ്രദർശിപ്പിക്കുന്നത്.
ചില സാങ്കേതിക കാരണങ്ങളാൽ ആണ് മലയാളം പതിപ്പ് എത്താൻ വൈകുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. “സോഫ്‌റ്റ്‌വെയറിലെ ഒരു തകരാറ് കാരണം ഫൈനൽ പ്രിന്റുകൾ നാശമായിപ്പോയതായി ഞങ്ങൾ കണ്ടെത്തി,” എന്നാണ് മലയാളം പതിപ്പ് വൈകുന്നതിനെ കുറിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
“എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടുമായി ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ ചിത്രം ‘പുഷ്‍പ’ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും,” എന്നാണ് കേരളത്തിൽ പുഷ്പയുടെ വിതരണാവകാശം സ്വന്തമാക്കിയ ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് അറിയിക്കുന്നത്.