കൊച്ചി: സിനിമാ സ്നേഹികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പ. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. പ്രീ – റിലീസ് പരിപാടിയുമായി ബന്ധപ്പെട്ട് അല്ലുവും അണിയറ പ്രവര്‍ത്തകരും കൊച്ചിയിലെത്തിയിരിക്കുകയാണ്.
“തെലുങ്ക് സിനിമകള്‍ കാണാനുള്ള മലയാളികളുടെ താത്പര്യം തുടങ്ങിയത് എന്റെ ആര്യ എന്ന ചിത്രത്തിലൂടെയാണ്. അന്ന് ആര്യ ചെയ്തപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല 20 സിനിമകള്‍ക്ക് ശേഷവും എനിക്ക് ഇത്രയും സ്നേഹം ഇവിടെ നിന്ന് ലഭിക്കുമെന്ന്. ഓരോ തവണ കേരളത്തില്‍ വരുമ്പോഴും സ്നേഹത്തിന്റെ അളവ് കൂടുന്നു,” അല്ലു അര്‍ജുന്‍ പറഞ്ഞു.
“കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത സ്വന്തം നാട്ടില്‍ നിന്നും അറിയാന്‍ കഴിയുന്നുണ്ട്. തെലുങ്ക് സിനിമ പ്രവര്‍ത്തകര്‍ പലരും പറയും എന്റെ പടങ്ങളില്‍ അഭിനയിച്ചതുകൊണ്ട് കേരളത്തില്‍ അവരെ എല്ലാം തിരിച്ചറിയുന്നുണ്ട് എന്ന്. കേരളത്തില്‍ വലിയ സ്വീകാര്യതെ ലഭിക്കുന്നതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്,” അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

അല്ലുവിനും ഫഹദിനും പുറമെ രശ്മിക മന്ദാന, പ്രകാശ് രാജ്, അനസൂയ ഭരധ്വാജ്, ഹാരിഷ് ഉത്തമന്‍, ധനഞ്ജയ്, സുനില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 250 കോടി രൂപ മുതല്‍ മുടക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ദേവ് ശ്രി പ്രസാദാണ് സംഗീത സംവീധാനം.

Also Read: ഞങ്ങളെത്തും മുൻപ് എത്തി, വല്യേട്ടനെ പോലെ കൂടെ നിന്നു; മോഹൻലാലിനെക്കുറിച്ച് റഹ്മാന്റെ വാക്കുകൾ