ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് ലിമിറ്റഡിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍, ജോയ് താക്കോല്‍ക്കാരന്‍ ഇത്തവണയെത്തുന്നത് പുതിയൊരു പ്രൊഡക്ടുമായാണ്. ‘അംബാനി ജിയോ കൊണ്ടന്ന പോലെ വീ വില്‍ ചെയ്ഞ്ച് ആള്‍ ദി റൂള്‍സ് ഓഫ് ദിസ് മാർക്കറ്റ്’ എന്നും പറഞ്ഞ് ഇത്തവണ പുണ്യാളന്‍ ഇറക്കുന്നത് വെള്ളമാണ്. ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിക്കുന്ന ഒരേ ഒരുത്പന്നം വെള്ളമാണെന്നാണ് ജോയ് താക്കോല്‍ക്കാരന്‍ പറയുന്നത്.

2013ല്‍ പുറത്തിറങ്ങി ഗംഭീരം വിജയം കൈവരിച്ച ചിത്രത്തില്‍ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോല്‍ക്കാരന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ട് എന്ന ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരുവരും ചേര്‍ന്ന് രൂപവത്കരിച്ച പുണ്യാളന്‍ സിനിമാസാണ് വിതരണം. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേതത്തിനുശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒത്തുചേരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ