‘പ്രേമ’ത്തിലൂടെ സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന് എന്നിവരെ പരിചയപ്പെടുത്തിയ അല്‍ഫോന്‍സ് പുത്രന് അടുത്തതായി ഒരുക്കുന്ന ചിത്രത്തിലും നായിക പുതുമുഖം തന്നെ – പുണ്യ എലിസബത്ത്.
നേരം, പ്രേമം എന്നീ നിവിന്‍ പോളി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഇത്തവണ സംവിധായകന്റെ വേഷത്തിലല്ല, നിര്‍മ്മാതാവായാണ് അല്‍ഫോണ്‍സ് എത്തുന്നത്. ‘തൊബാമ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്സിന്‍ കാസിമാണ്.
തന്റെ സുഹൃത്തായ മൊഹ്സിന്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിന്റെ കഥ ഇഷ്ടമായാത് കൊണ്ട് താന്‍ തന്നെ അത് നിര്‍മ്മിക്കുമെന്നും അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തിന്റെ നായിക പുതുമുഖമായിരിക്കും എന്ന് സൂചിപ്പിച്ചിരുന്നു.
‘പ്രേമ’ത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്. സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, മലയാളികളുടെ ആസ്ഥാന ‘കോഴി’ ഷറഫുദ്ദീന് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
കണ്ടുമടുത്ത പാറ്റേണുകളില്‍ നിന്നും ഗതിമാറിയാണ് അല്‍ഫോണ്‍സിന്റെ സിനിമകളുടെ സഞ്ചാരം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അല്‍ഫോണ്‍സ് ചിത്രങ്ങള്‍ വലിയ പ്രതീക്ഷകളാണ്. അല്ഫോണ്സും സുകുമാരന്‍ തെക്കേപ്പാട്ടുമാണ് ‘തൊബാമ’യുടെ നിര്‍മ്മാതാക്കള്‍. രാജേഷ് മുരുഗേശന്‍ സംഗീതം പകരുന്ന സിനിമയ്ക്ക് സമീറ സനീഷാണ് വസ്ത്രാലങ്കാരം.
അല്‍ഫോന്‍സ് പുത്രന് അടുത്തതായി സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. കാളിദാസ് ജയറാമാണ് നായകന്.