പൂണെയിലെ രാജ ബഹദുർ മിൽസിൽ നടന്ന എ ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവപ്പിച്ച് പൊലീസ്. ഷോ നടക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥനെത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
പൊലീസ് ഉദ്യോഗസ്ഥൻ വേദിയിലെത്തി എ ആർ റഹ്മാനോടും മറ്റ് കലാകാരന്മാരോട് പരിപാടി അവസാനിപ്പിക്കാൻ പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പത്തു മണിയ്ക്കു ശേഷവും ഷോ തുടർന്നതു കാരണമാണ് ഉദ്യോഗസ്ഥർ അവസാനിപ്പിക്കാൻ പറഞ്ഞതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. “അനുവദിച്ച സമയം കഴിഞ്ഞു പോയതു കൊണ്ട് റഹ്മാനോടും മറ്റ് കലാകാരന്മാരോടും പരിപാടി നിർത്താൻ ആവശ്യപ്പെട്ടു. അവർ നിർദ്ദേശം പാലിക്കുകയും ഒടുവിൽ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു,” ബണ്ട്ഗാർഡൻ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ സന്തോഷ് പട്ടീൽ പറഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഷോ നടത്തിയതിനെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
രാത്രി 10 മുതൽ രാവിലെ 6 വരെ പൊതുസ്ഥലങ്ങളിൽ ലൗഡ്സ്പീക്കർ, മ്യൂസിക്ക് സിസ്റ്റം എന്നിവ നിരോധിച്ച് കൊണ്ട് 2005ൽ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ശബ്ദ മലിനീകരണം പ്രദേശവാസികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുക എന്നതിനെ തുടർന്നാണ് മേൽപറഞ്ഞ ഉത്തരവ് സ്വീകരിച്ചത്.
പൂണെ സ്വദേശികൾക്ക് പരിപാടി അവസാനിപ്പിക്കുന്നതിനു മുൻപ് നന്ദി പറയാനും എ ആർ റഹ്മാൻ മറന്നില്ല. “ഒരു റോളർ കോസ്റ്ററിനു സമാനമായ സംഗീത നിശയായിരുന്നിത്. ഒരുപാട് കച്ചേരികൾ നടക്കുന്നയിടമായി പൂണെ മാറിയതിൽ അത്ഭുതപ്പെടാനില്ല. നിങ്ങൾക്കൊപ്പം ചേർന്ന് ഗാനങ്ങൾ ആലപിക്കാൻ ഞാൻ ഇനിയും വരും” റഹ്മാന്റെ വാക്കുകളിങ്ങനെ.