ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത ഞെട്ടലോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാനാതുറകളിൽ പെട്ട ജനങ്ങൾ. ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്.

“രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു. അവർ വേദനകളെ അതിജീവിച്ച് പൂർവ്വസ്ഥിതിയിലാകാൻ നമുക്കു പ്രാർത്ഥിക്കാം, നമുക്ക് അവരുടെ ദുഖത്തിൽ പങ്കുചേരാം,” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

ആമിർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി തുടങ്ങി നിരവധി പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്. “പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സി ആർ പി എഫ് ജവാന്മാരെ കുറിച്ചുള്ള വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് വായിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമിർ​ഖാൻ ട്വിറ്ററിൽ കുറിക്കുന്നു.

ശ്രീനഗറിൽ നിന്ന് 17 കിലോമീറ്റർ ദൂരെയുള്ള പുൽവാമയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് രാജ്യത്തെ നടുക്കിയ ചാവേർ ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ 350 കിലോയോളം സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപ്പിയോ ഇടിച്ചു കയറുകയായിരുന്നു. പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകരുകയും നിരവധിയേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 78 വാഹനങ്ങളിലായി 2547 ജവാന്മാരാണ് വാഹനവ്യൂഹത്തിലുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook