മമ്മൂട്ടിയെ നായകനാക്കി ‘സെവന്‍ത് ഡേ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് ‘പുളളിക്കാരൻ സ്റ്റാറാ’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മമ്മൂട്ടി, കലാഭവൻ ഷാജോൺ, ദീപ്തി, ഉണ്ണി മുകുന്ദൻ, ശ്യാംധർ, എം.ജയചന്ദ്രൻ തുടങ്ങി സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഇതിനിടയിലാണ് ചടങ്ങിനെത്തിയ കലാഭവൻ ഷാജോണിന്റെ പേര് അവതാരിക തെറ്റായി വായിച്ചത്. ഇതിന് അവതാരികയ്ക്ക് നല്ല ഉഗ്രൻ മറുപടിയാണ് മമ്മൂട്ടി സ്റ്റേജിൽവച്ചുതന്നെ നൽകിയത്.

”പല ആൾക്കാരെയും ഇവിടെ കൂടിയിരുന്നവർക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവൻ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവൻ ഷാജോൺ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും” അവതാരകയോടായി മമ്മൂട്ടി പറഞ്ഞു. ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാൽ ഉടൻതന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. കലാഭവൻ ഷാജോണിനെ ഷാനുവെന്നാണ് അവതാരക ആദ്യം പറഞ്ഞത്. പിന്നീട് തിരുത്തി ഷാജോൺ എന്നു പറയുകയായിരുന്നു.

കഥ പറയാൻ ആദ്യമായി ചെന്ന നിമിഷം മുതൽ ഇന്നുവരെ ചിരിച്ചുകൊണ്ടിരിക്കുന്ന മ്മൂട്ടിയെ അല്ലാതെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ദേഷ്യപ്പെടാത്ത നിരുത്സാഹപ്പെടാത്ത മമ്മൂട്ടിയെ ആണ് താൻ കണ്ടതെന്ന് സംവിധായകൻ ശ്യാംധർ ചടങ്ങിൽ പറഞ്ഞു. സെറ്റിലുടനീളം മമ്മൂട്ടിയെ ചിരിച്ചുകൊണ്ടേ കണ്ടിട്ടുളളൂവെന്നും പറഞ്ഞു. ഇതുകേട്ട ഉടൻ ചിരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കൊച്ചു കുട്ടികളെപ്പോലെ പെട്ടെന്ന് കൈകൊണ്ട് വായ് മൂടിപ്പിടിച്ചു.

”ഒരുപാട് പുതിയ സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിക്കുന്നുണ്ട്. അതെന്റെ സ്വാർഥതയാണ്. പുതിയ സംവിധായകർക്കും ടെക്നീഷ്യന്മാർക്കും പുതുതായി നിരവധി കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് ഞാനൊരു അവസരം കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹം ഞാൻ മുതലാക്കുകയാണ്. അവർക്ക് പറയാനുളള പുതിയ കാര്യങ്ങൾ എന്നിലൂടെ ആകുമ്പോൾ എനിക്കും അതൊരു പുതുമ നൽകും. പുതിയ ചെറുപ്പക്കാരുടെ ഒപ്പം പ്രവർത്തിക്കുമ്പോൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന എന്റെ ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാനും, ലുക്കിലല്ല, മറിച്ച് ചിന്തകളുടെ ചെറുപ്പമാണെന്നും” മമ്മൂട്ടി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ