മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് പുലിമുരുകൻ. മലയാള സിനിമയിലെ വിസ്മയങ്ങളിലൊന്നായ പുലിമുരുകൻ 150 കോടിയും കടന്ന് 150-ാം ദിവസത്തിലേക്ക്. ചിത്രം 150 കോടി ക്ലബിലെത്തിയതിനുപിന്നാലെയാണ് 150-ാം ദിവസത്തിലേക്കും അടുക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിൽ മോഹൻലാൽ ഇതുസംബന്ധിച്ച പോസ്റ്റും പങ്കുവച്ചു.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകൻ ഒരുക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്.

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു പുലിമുരുകൻ. പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. പുലിയുമൊത്തുളള മോഹൻലാലിന്റെ സംഘട്ടനരംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗാളി നായിക കമാലിനി മുഖർജിയാണ് ചിത്രത്തിലെ നായിക.

മലയാള സിനിമയെ വാണിജ്യ മേഖലയിൽ മറ്റൊരു തലത്തിലേക്കുയർത്തിയ ചിത്രമായിരുന്നു പുലിമുരുകൻ. നൂറ്റമ്പത് കോടി ക്ളബ്ബിലെത്തുന്ന മലയാളത്തിലെ ആദ്യ സിനിമയാണ് പുുലി മുരുകൻ. ഒക്ടോബർ ഏഴിന് പുറത്തിറങ്ങിയ ചിത്രം ഒരു മാസം പൂർത്തിയായപ്പോൾ നൂറ് കോടി ക്ളബ്ബിലെത്തി ചരിത്രം സൃഷ്‌ടിച്ചിരുന്നു.

എം.ആർ. ഗോപകുമാർ, ലാൽ, ബാല, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, നമിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം നൂറ്റമ്പതാം ദിവസം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ മാർച്ച് 4 ന് കൊച്ചിയിൽ വെച്ച് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook