മലയാളികളുടെ സ്വന്തം ‘പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയുടെ ഇതിഹാസ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡിലാണ് ഉഷയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത്. പിടി ഉഷയായി വേഷമിടുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം തവണയാണ് ഒരു യഥാര്‍ത്ഥ കായിക താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് അവസരം ലഭിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ മേരി കോമിലും പ്രിയങ്ക തന്നെയായിരുന്നു നായിക. ‘പിടി ഉഷ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 100 കോടി രൂപ ബജറ്റിലാണ് ഒരുക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ട പിടി ഉഷ ഇന്ത്യയ്ക്ക് വേണ്ടി ട്രാക്കില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മെഡല്‍ നേടുന്ന വനിതാ താരമാണ്. ജക്കാര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ മാത്രം അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും നേടി. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും താരം നേടിയിരുന്നു.

അരങ്ങില്‍ മാത്രമല്ല പിടി ഉഷയുടെ അണിയറയിലും പ്രമുഖര്‍ തന്നെയാണ് അണി നിരക്കുന്നത്. മാഡ് ഡാഡ് എന്ന മലയാള ചിത്രം ഒരുക്കിയ പരസ്യ ചിത്ര സംവിധായിക രേവതി എസ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. പയ്യന്നൂര്‍ സ്വദേശി ഡോ സജീഷ് സര്‍ഗമാണ് തിരക്കഥ എഴുതുന്നത്.

ബോളിവുഡില്‍ നിരവധി സ്‌പോര്‍ട്‌സ് ബയോപിക്‌സ് പുറത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ സ്‌പോര്‍ട്‌സ് ബയോപിക് ആയിരിക്കും പിടി ഉഷ. വിപി സത്യന്റെ കഥ പറയുന്ന ക്യാപ്ടന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook